mla
കോന്നി നിയോജകമണ്ഡലത്തിലെ കുടിവെള്ള പദ്ധതികളുമായി ബന്ധപ്പെട്ട് കോന്നി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ ചേർന്ന യോഗത്തിൽ കെ,യു,ജനീഷ്‌കുമാർ എം.എൽ.എ സംസാരിക്കുന്നു

കോന്നി: നിയോജക മണ്ഡലത്തിലെ സമഗ്ര കുടിവെള്ള പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ 11 പഞ്ചായത്തിലും നവംബർ മാസത്തോടെ ടെൻഡർ ചെയ്യും. ഇതുമായി ബന്ധപ്പെട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരുടെയും സെക്രട്ടറിമാരുടെയും വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരുടെയും സംയുക്ത യോഗം കോന്നി ബ്ലോക്ക് പഞ്ചായത്ത് ഓഫിസിൽ നടന്നു. നിയോജകമണ്ഡലത്തിൽ 59953 കുടുംബങ്ങളിലേക്ക് കുടിവെള്ള കണക്ഷൻ നൽകുന്നതിനായി 625.11 കോടി രൂപയാണ് ചെലവഴിക്കുന്നത്. വാട്ടർ ട്രീറ്റ്മെന്റ് പ്ലാൻ സ്ഥാപിക്കുന്നതിനും ടാങ്ക് സ്ഥാപിക്കുന്നതിനും റവന്യൂ പുറമ്പോക്ക് ഏറ്റെടുത്ത് ഉപയോഗിക്കുവാൻ പഞ്ചായത്ത് സെക്രട്ടറിമാർ ജില്ലാ കളക്ടർക്ക് കത്ത് നൽകണമെന്ന് കെ.യു.ജനീഷ് കുമാർ എം.എൽ.എ നിർദ്ദേശിച്ചു. റവന്യൂഭൂമി ലഭ്യമാകാത്ത ഇടങ്ങളിൽ പഞ്ചായത്തുകൾ പദ്ധതി വെച്ച് ഭൂമി വാങ്ങുവാനും. പദ്ധതി ടെൻഡർ ചെയ്യാൻ അഡ്വാൻസ് പൊസിഷൻ നൽകാനും തീരുമാനിച്ചു. കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജി, പഞ്ചായത്ത് പ്രസിഡന്റുമാരായ രാജഗോപാലൻ നായർ, ആർ.മോഹനൻ നായർ,ജോബി റ്റി.ഈശോ, ചന്ദ്രിക സുനിൽ, ടി.വി.പുഷ്പവല്ലി, രേഷ്മ മറിയം റോയി, എൻ.നവനീത്, ഷീലാ കുമാരി ചാങ്ങയിൽ കുട്ടപ്പൻ, സജി കുളത്തുങ്കൽ, വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എൻജിനിയർമാരായ തുളസീധരൻ സുനിൽ, വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ സന്ധ്യ, അസിസ്റ്റന്റ് എൻജിനീയർമാരായ അമ്പുലാൽ, അനിൽകുമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.