കോന്നി: ലഹരി ഉത്പന്നങ്ങളുടെ വിതരണകേന്ദ്രമായി കോന്നിയും പരിസരപ്രദേശങ്ങളും മാറുന്നു. സ്‌കൂൾ, കോളേജ് വിദ്യാർത്ഥികളെയടക്കമാണ് ഇക്കൂട്ടർ കെണിയിലാക്കുന്നത്. ബൈക്കുകളിലും കാറുകളിലുമാണ്‌ ലഹരിയുടെ വിതരണം. ഇതിനായി യുവാക്കളുടെ സംഘം സ്ഥിരമായി എത്തുണ്ട്. രണ്ടും മൂന്നും പേര് കയറിയ ബൈക്കിൽ ലഹരിയുമായി യാത്ര ചെയ്ത് വിതരണം നടത്തേണ്ട സ്ഥലമാകുമ്പോൾ അതിൽ ഒരാൾ ഇറങ്ങി സാധനം കൈമാറിയശേഷം തിരികെ കയറുന്നതാണ് സംഘത്തിന്റെ രീതി. ഇവർ പറഞ്ഞ സ്ഥലത്ത് കാത്തുനിൽക്കുന്നയാളെ ബൈക്കിൽ കയറ്റി ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ചാണ് ലഹരി കൈമാറുന്നത്. കഴിഞ്ഞ കുറെ നാളുകളായി ഇത്തരത്തിൽ അപരിചിതരായ ധാരാളം ആളുകൾ മലയോര മേഖലയുടെ വിവിധ ഭാഗങ്ങളിൽ എത്തുന്നുണ്ട്. മലയോരമേഖലയിൽ ഇത്തരത്തിൽ ലഹരി വിൽപ്പന സംഘങ്ങൾ വ്യാപിക്കുന്നുണ്ടെങ്കിലും പരിശോധന വ്യാപകമാക്കണമെന്ന ആവശ്യം ശക്തമാണ്. വിദ്യാർത്ഥികളും യുവാക്കളുമാണ് ഇവിടങ്ങളിൽ ലഹരിയുടെ കെണിയിൽ അകപ്പെട്ടിട്ടുള്ളത്. പ്രദേശത്തെ ചില സ്‌കൂളുകളിൽനിന്ന് സംശയമുള്ള വിദ്യാർത്ഥികളെ പിടികൂടിയെങ്കിലും അത് സ്‌കൂളധികൃതർ രഹസ്യമാക്കിവച്ചിരിക്കുകയാണ്. വനമേഖലകളും തോട്ടം മേഖലകളും ലഹരി വിൽപ്പനയുടെ ഇടത്താവളങ്ങളായി മാറുകയാണ്. അടുത്തിടെ തണ്ണിത്തോട്ടിൽ നിറുത്തിയിട്ടിരുന്ന കാറിനു സമീപത്തു വിദ്യാത്ഥികൾ കൂട്ടം കൂടി നിൽക്കുന്നത് ശ്രദ്ധയിൽ പെട്ട് പൊലീസ് വാഹനം പരിശോധിച്ചപ്പോൾ ലഹരി ഉത്പന്നങ്ങളുടെ വില്പന കണ്ടെത്തിയിരുന്നു.