1
എഴുമറ്റൂർ ഗ്രാമപഞ്ചായത്തിലെ അംബേദ്കർ കോളനി സമീപെത്തെ ചിറയ്ക്കൽ കുളംകാടുകയറി സംരക്ഷണഭിത്തി തകർന്ന നിലയിൽ

മല്ലപ്പള്ളി : സംരക്ഷണ ഭിത്തി തകർന്ന് കാടുകയറിക്കിടക്കുകയാണ് ചിറയ്ക്കൽ കുളം. എഴുമറ്റൂർ ഗ്രാമപഞ്ചായത്ത് പതിനാലാം വാർഡിലെഅംബേദ്കർ കോളനിയോട് ചേർന്നാണ് കുളം. 2014 -ൽ 1,62,000 രൂപ മുടക്കി നീർത്തട പദ്ധതിയിൽ ഉൾപ്പെടുത്തി പായലും ചെളിയും വാരി ആഴം വർദ്ധിപ്പിച്ചിരുന്നു. പിന്നീട് നവീകരണം നടന്നില്ല. അംബേദ്കർ കോളനിയിൽ പട്ടികജാതി-പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർ ഉൾപ്പെടെ 33 കുടുംബങ്ങളാണുള്ളത്. സമീപ പ്രദേശത്ത് മുപ്പതോളം കുടുംബങ്ങളും താമസിക്കുന്നു. ഇവിടുത്തെ ആളുകൾ തുണി കഴുകുന്നതിനും കുളിക്കുന്നതിനും ഇൗ കുളത്തെയാണ് ആശ്രയിക്കുന്നത്. പട്ടികജാതി വിഭാഗത്തിൽപ്പെട്ട നിരവധി പേർ ഉണ്ടായിട്ടും നവീകരണത്തിന് ഫണ്ട് അനുവദിക്കാൻ അധികൃതർ തയ്യാറാകുന്നില്ല. മൂന്ന് സെന്റ് സ്ഥലമാണ് ഓരോ കുടുംബത്തിനും പട്ടയം ലഭിച്ചിട്ടുള്ളത്. പൊതുകിണർ മാത്രമാണുള്ളത്. കരിങ്കൽ പടവുകൾ ഇളകിയത് നന്നാക്കുന്നതിനും സംരക്ഷണഭിത്തിയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്കും കാടുകയറിയ കുളം വൃത്തിയാക്കുന്നതിനും അടിയന്തരനടപടി സ്വീകരിക്കണമെന്നാണ് കോളനി നിവാസികളുടെ ആവശ്യം.

ഇരുപതുവർഷം മുമ്പ് മൂന്ന് സെന്റ് സ്ഥലം ലഭിച്ചെങ്കിലും കിണറും ശൗചാലയവുമില്ല. ആളുകൾ മരിച്ചാൽ സംസ്കരിക്കാൻ സ്ഥലമില്ല. ചിറയ്ക്കൽ കുളം നവീകരിക്കാനെങ്കിലും നടപടി സ്വീകരിക്കണം.

രജനീഷ്

കോളനി നിവാസി