block
പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിൽ തൈകൾ നട്ടുപിടിപ്പിക്കുന്നതിന്റെ ബ്ലോക്ക് തല ഉദ്ഘാടനം പ്രസിഡന്‍റ് ചന്ദ്രലേഖ നിര്‍വ്വഹിക്കുന്നു

തിരുവല്ല: പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിലുള്ള അഞ്ച് പഞ്ചായത്തുകളിലായി ഫലവൃക്ഷതൈകൾ ഉൾപ്പെടെ 38,000 തൈകൾ നട്ടുപിടിപ്പിച്ചു. മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കിയത്. ലോക പരിസ്ഥിതി ദിനമായ ജൂൺ അഞ്ചിന് തുടക്കം കുറിച്ച പദ്ധതി ഒരുമാസത്തിനുള്ളിൽ പൂർത്തിയാക്കി. സോഷ്യൽ ഫോറസ്ട്രിയിൽ നിന്ന് ലഭ്യമായ വിത്തുകൾ ഉപയോഗിച്ച് തൈകൾ വളർത്തിയെടുത്തു. ഔഷധ സസ്യങ്ങളായ ചന്ദനം, രക്തചന്ദനം, പേര, മാവ്, തേക്ക്, നെല്ലി, മാതളം, കശുമാവ്, ഈട്ടി, ശീലാന്തി, കണിക്കൊന്ന, സീതപ്പഴം, ദന്തപാല, വേപ്പ്, കറിവേപ്പ് എന്നിവ കൂടാതെ അത്യുൽപ്പാദന ശേഷിയുള്ള 8000 തെങ്ങിൻ തൈകളും 17,500 ഫലവൃക്ഷ തൈകളും ഉല്പാദിപ്പിച്ച് അഞ്ച് പഞ്ചായത്തുകളിലായി വിതരണം ചെയ്തു. പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തുതല ഉദ്ഘാടനം ബ്ലോക്ക് പ്രസിഡന്റ് ചന്ദ്രലേഖ നിർവഹിച്ചു. നെടുമ്പ്രം പഞ്ചായത്ത് പ്രസിഡന്റ് ടി.പ്രസന്നകുമാരി അദ്ധ്യക്ഷയായി.ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ സോമൻ താമരച്ചാലിൽ, അഡ്വ.വിജി നൈനാൻ എന്നിവർ സംസാരിച്ചു.