കോന്നി: കൂടൽ - രാജഗിരി റോഡരികിലെ കുടൽ ജംഗ്ഷൻ എൽ.പി സ്കൂളിന് സമീപത്തെ മൊബൈൽ ടവറിന്റെ ഭാഗമായി സ്ഥാപിച്ചിരിക്കുന്ന ഇരുമ്പ് സ്ലാബ് കാരണം വാഹനങ്ങളുടെ ടയറുകൾ നശിക്കുന്നതായി പരാതി. ഒന്നിലധികം സ്വകാര്യ കമ്പനികളുടെ ടവറുകളാണ് സർക്കാർ സ്കൂളിന് സമീപം സ്ഥാപിച്ചിരിക്കുന്നത്. ഒരു ടവറിൽ നിന്ന് റോഡ് വക്കിലൂടെ പോകുന്ന കേബിൾ കണക്ഷൻ ബോക്സിന്റെ അടപ്പായാണ് ഇരുമ്പ് സ്ലാബ് സ്ഥാപിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം സ്കൂളിൽ നടന്ന മത്സരപ്പരീക്ഷ എഴുതാൻ എത്തിയ വിദ്യാർത്ഥികൾക്കൊപ്പം എത്തിയ രക്ഷിതാക്കളുടെ വാഹങ്ങളുടെ ടയറുകൾ ഇതിൽ തട്ടി കീറി . പരിഹാരം കാണണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.