വള്ളിക്കോട് : വള്ളിക്കോട് ഗ്രാമപഞ്ചായത്തിലെ മൂർത്തിമുരുപ്പിൽ പുതിയ കുടിവെള്ള പദ്ധതി വരുന്നു. 1.69 കോടിരൂപയുടെ ഭരണാനുമതിയാണ് ലഭിച്ചിരിക്കുന്നത്. കുടിവെള്ളക്ഷാമം രൂക്ഷമായ കോളനിയാണിത്. അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ നേരത്തെ കോളനിയിൽ വിളിച്ചുചേർത്ത ജനകീയ സഭയിൽ കുടിവെള്ളക്ഷാമത്തിന് പരിഹാരം കാണണമെന്നും അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് പ്രദേശവാസികൾ നിവേദനം നൽകിയിരുന്നു. തുടർന്ന് മൂർത്തി മുരുപ്പ് കോളനിയെ അംബേദ്കർ ഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തി ഒരുകോടി രൂപയുടെ വികസന
പ്രവർത്തനങ്ങൾ നടന്നുവരികയാണ്. ഇതിന് പുറമെയൊണ് കുടിവെള്ള പദ്ധതിക്കായി പട്ടികജാതി
കോർപ്പസ് ഫണ്ടിൽനിന്ന് 1.69 കോടി രൂപ കൂടി അനുവദിച്ചിരിക്കുന്നത്.
വാട്ടർ അതോറിറ്റിയുടെ നിലവിലുള്ള പദ്ധതിയിൽ നിന്ന് വളരെ ഉയരത്തിലുള്ള മൂർത്തിമുരുപ്പിലേക്ക് കുടിവെള്ളം എത്തിക്കുക പ്രായോഗികമല്ലാത്തതിനാലാണ് കോളനിക്കായി പ്രത്യേക കുടിവെള്ള പദ്ധതി തയ്യാറാക്കിയത്. വള്ളിക്കോട് ഇൻടേക്ക് കിണറിൽ നിന്ന് 3700 മീറ്റർ നീളത്തിൽ പമ്പിംഗ് മെയിൻ സ്ഥാപിച്ച് മൂർത്തിമുരുപ്പിൽ നിർമ്മിക്കുന്ന 30,000 ലിറ്റർ ഉന്നതതല സംഭരണിയിൽ എത്തിക്കും. ഇവിടെനിന്ന് പ്രഷർ ഫിൽറ്റർ ഉപയോഗിച്ച് ശുദ്ധീകരിച്ച ജലം കോളനിയിലെ 68 വീടുകളിലേക്കും ഗാർഹിക കണക്ഷനിലൂടെ നൽകും. ഇതോടെ കുടിവെള്ളക്ഷാമത്തിന് പൂർണപരിഹാരമാകുമെന്നാണ് പ്രതീക്ഷ.
ജില്ലാ പട്ടികജാതി വികസന ഓഫീസർക്കും വാട്ടർ അതോറിറ്റി പത്തനംതിട്ട എക്‌സിക്യൂട്ടീവ് എൻജിനീയർക്കുമാണ് പദ്ധതിയുടെ നിർവഹണ ചുമതലയെന്ന് എം.എൽ.എ പറഞ്ഞു. ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേർത്ത് നിർമ്മാണം ഉടൻ ആരംഭിക്കാൻ നടപടി സ്വീകരിക്കും.