പള്ളിക്കൽ: ബസ് സർവീസ് കുറവായത് കാരണം പള്ളിക്കൽ, ചെറുകുന്നം , തോട്ടുവാ , കൈതക്കൽ , ഇളംപള്ളിൽ പാറക്കൂട്ടം പ്രദേശങ്ങളിൽ യാത്രാക്ളേശം രൂക്ഷം ഡ്രൈവർമാരുടെ കുറവും നഷ്ടക്കണക്കും പറഞ്ഞ് കെ.എസ്.ആർ.ടി.സി ഷെഡ്യൂളുകൾ വെട്ടിക്കുറച്ചതാണ് ബുദ്ധിമുട്ടായത്. അടൂരിൽ നിന്ന് തെങ്ങമം ഭാഗത്തേക്ക് പെരിങ്ങനാട്, പാറക്കൂട്ടം വഴിയും നെല്ലിമുകൾ വഴിയും കെ.എസ്.ആർ ടി സി യുടെ നിരവധി സർവീസുകൾ നേരത്തെ ഉണ്ടായിരുന്നു. ഇപ്പോൾ മൂന്ന് സർവീസേയുള്ളു. പഴകുളം - പള്ളിക്കൽ വഴി കരുനാഗപ്പള്ളിക്ക് പോയിരുന്ന കെ.എസ്. ആർ ടി സി ബസ് ഇപ്പോഴില്ല. പഴകുളം - തെങ്ങമം ഭാഗത്തേക്ക് അഞ്ച് സ്വകാര്യ ബസുകൾ സർവീസ് നടത്തിയിരുന്നിടത്ത് ഇപ്പോൾ ഒരെണ്ണം മാത്രമായി. മേക്കുന്നുമുകൾ - തെങ്ങമം റോഡിന് സമാന്തരമായി പടിഞ്ഞാറ് ഭാഗം പള്ളിക്കൽ, തോട്ടുവാ , ചെറുകുന്നം, കൈതക്കൽ , ഭാഗങ്ങൾ ഒരു ബസ് സർവീസ് പോലുമില്ലാതെ ഒറ്റപ്പെട്ട നിലയിലാണ്. ചെറു കുന്നം, തോട്ടുവാ , കൈതക്കൽ ഭാഗങ്ങളിലുള്ളവർ തെങ്ങമം വരെ നടന്നുവന്ന് ബസ് കയറേണ്ട സ്ഥിതിയാണ്. തെങ്ങമത്തുനിന്ന് ആവശ്യത്തിന് സർവീസുകൾ ഇല്ലാത്തത് വലിയ ബുദ്ധിമുട്ടാണ്. സ്കൂളുകളും കോളേജുകളും തുറന്നതോടെ വിദ്യാർത്ഥികളാണ് ഏറ്റവും കൂടുതൽ വലയുന്നത്. ഗ്രാമീണ മേഖലയിലേക്ക് സർവീസുകൾ നടത്താൻ കെ.എസ്.ആർ ടി സി ഗ്രാമവണ്ടി പദ്ധതി തയ്യാറാക്കി ഗ്രാമപഞ്ചായത്തുകളോട് സഹകരണം ആവശ്യപ്പെട്ടെങ്കിലും പഞ്ചായത്തുകൾ സഹകരിച്ചില്ല. യാത്രാക്ളേശത്തിന് പരിഹാരം കാണണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.