 
ചെങ്ങന്നൂർ: നിയന്ത്രണം വിട്ട കെ.എസ്.ആർ.ടി.സി ബസ് മരത്തിലിടിച്ച് ഡ്രൈവർ ഉൾപ്പെടെ പത്തോളം പേർക്ക് പരിക്കേറ്റു .ഇന്നലെ ഉച്ചയ്ക്ക് എം.സി റോഡിൽ ഊരിക്കടവിന് സമീപമാണ് അപകടം ഉണ്ടായത്. എറണാകുളത്തു നിന്ന് തിരുവനന്തപുരത്തേക്ക് പോയ സൂപ്പർ ഫാസ്റ്റ് ബസാണ് അപകടത്തിൽപ്പെട്ടത്. ബസ് റോഡിൽ തിരിച്ചുകൊണ്ടിരിക്കെ കാറിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചു മാറ്റിയപ്പോഴാണ് അപകടമുണ്ടായത്. തൊട്ടടുത്തുള്ള മത്സ്യ വിപണന കേന്ദ്രവും തകർത്ത് അടുത്തുള്ള മരത്തിലിടിച്ചാണ് ബസ് നിന്നത്. ഡ്രൈവർ കൊല്ലം ഈസ്റ്റ് കല്ലട മറവൂർ അശ്വതി ഭവനിൽ ജി. അനിൽകുമാറിന്റെ (45) കൈയ്ക്ക് ഗുരുതരമായി പരിക്കേറ്റു. കല്ലിശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കണ്ടക്ടർ പുത്തനമ്പലം കൊട്ടയ്ക്കാട് വി.എസ്. അനന്തപത്മൻ (40), യാത്രക്കാരിയായ ഉഴവൂർ സ്വദേശിനി ഗീത, എറണാകുളം സ്വദേശിനി ചൈതന്യ എന്നിവർ ഉൾപ്പെടെയുള്ളവർക്കാണ് പരിക്കേറ്റത്. ഇവർ വിവിധ ആശുപത്രികളിൽ ചികിത്സ തേടി.ചെങ്ങന്നൂർ പൊലീസ് കേസെടുത്തു.