1
കോട്ടാങ്ങൽ - വെള്ളാവൂർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ചിറയ്ക്കപ്പാറ ഇവിടെയാണ് മണിമലയാറിന് കുറുകെ പുതിയ പാലം നിർമ്മിക്കുന്നത്

മല്ലപ്പള്ളി : കോട്ടാങ്ങൽ - വെള്ളാവൂർ പഞ്ചായത്തുകളെ ബന്ധിപ്പിച്ച് മണിമലയാറിന് കുറുകെ ചിറയ്ക്കപ്പാറയിലും പുതിയ പാലം വരുന്നു. താഴത്തു വടകര സ്കൂളിലെ വിദ്യാർത്ഥികൾക്കും ഇരുപഞ്ചായത്തുകളിലെ ജനങ്ങൾക്കും ഏറെ ഗുണം ചെയ്യുന്ന പാലത്തിന്റെ നിർമ്മാണത്തിന് പ്രാഥമിക നടപടികൾ പൂർത്തിയായി. നാട്ടുകാരുടെ വർഷങ്ങളായുള്ള ആവശ്യമാണ് പുതിയ പാലം വരുന്നതോടെ സഫലമാകുന്നത്. ഇരുകരകളിലുമുള്ള വിദ്യാർത്ഥികളടക്കമുള്ളവർ കടത്തു വളളത്തെ ആശ്രയിച്ചാണ് മറുകരകളിൽ എത്തിയിരുന്നത്. എന്നാൽ രണ്ട് വർഷമായി കടത്തു വള്ളവുമില്ല. താഴത്തുവടകര ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളടക്കം അഞ്ച് കിലോമീറ്ററോളം ചുറ്റിക്കറങ്ങിയാണ് യാത്ര ചെയ്യുന്നത്. പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലുള്ള വള്ളത്തിലെ കടത്തുകാരൻ വിരമിച്ചതോടെയാണ് കടത്ത് നിലച്ചത്. കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തിന് സംസ്ഥാന സർക്കാർ അനുവദിച്ച പദ്ധതിയിൽ ബഡ്ജറ്റിൽ 13 കോടി രൂപ അനുവദിച്ചിട്ടുണ്ട്. മണ്ണ് പരിശോധന പൂർത്തിയായി. പൊതുമരാമത്ത് ബ്രിഡ്ജ് വിഭാഗം പാലത്തിന്റെ ഡിസൈനിങ് ജോലികൾ നടത്തിവരുന്നു. ഇത് പൂർത്തിയാകുന്ന മുറയ്ക്ക് ടെൻഡർ നടപടി പൂർത്തിയാക്കി നിർമ്മാണം ആരംഭിക്കുമെന്ന് ചീഫ് വിപ്പ് എൻ.ജയരാജ് അറിയിച്ചു.