
പത്തനംതിട്ട : മഴ പെയ്തതോടെ വെള്ളക്കെട്ടായി മാറി ദേവസ്വം ബോർഡ് ഓഫീസ് റോഡ്. ചെറിയ മഴയിൽ തന്നെ ഇവിടെ മുട്ടിന്മേൽ വെള്ളമാകും. ദേവസ്വം ബോർഡ് ഓഫീസിലേക്കോ എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണർ ഓഫീസിലേക്കോ പോകുന്നവർ ചെളിവെള്ളത്തിൽ ചവിട്ടണം. കോൺക്രീറ്റ് റോഡായതിനാൽ വെള്ളം താഴ്ന്നുപോകില്ല. ഓടയില്ലാത്തതും ഉള്ള ഓട മൂടി കിടക്കുന്നതുമാണ് വെള്ളം കെട്ടിക്കിടക്കാൻ കാരണം. നഗരസഭയുടെ അധീനതയിലുള്ള റോഡാണിത്.
ചെളിയിൽ പുതഞ്ഞു കിടക്കുന്ന റോഡിൽ നിന്ന് ഇടയ്ക്ക് നഗരസഭാ ജീവനക്കാർ ചെളി വാരിമാറ്റാൻ എത്താറുണ്ട്. ഒരു അറ്റകുറ്റപ്പണിയും ഇവിടെ നടന്നിട്ടില്ല. അശാസ്ത്രീയമായി നിർമ്മിച്ച റോഡ് വർഷങ്ങളായി ഇതേ നിലയിലാണ്. വലിയ കുഴികളുമുണ്ട്. റോഡിനപ്പുറം ചതുപ്പ് നിലമാണ്. മഴപെയ്താൽ വെള്ളം ചതുപ്പിൽ നിന്ന് റോഡിലേക്ക് കയറും. ഇടുങ്ങിയ റോഡായതിനാൽ രണ്ട് വാഹനങ്ങൾക്ക് ഒരേസമയം ഇതുവഴി കടന്നുപോകാൻ കഴിയില്ല. വെള്ളക്കെട്ടുള്ള സമയത്ത് ഇരുചക്രവാഹനങ്ങളിൽ യാത്ര ദുഷ്കരമാണ്.
" ദേവസ്വം ബോർഡ് ഓഫീസ് റോഡ് അവസാനിക്കുന്നത് കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലേക്കുള്ള വഴിയിലാണ്. അവിടെ ഒന്നര മീറ്റർ വീതി കൂട്ടി നൽകാൻ അനുമതിയായിട്ടുണ്ട്.
എസ്.ഷെമീർ
(വാർഡ് കൗൺസിലർ)