ചെങ്ങന്നൂർ: രോഗിയെയും കൊണ്ടുപോയ ആംബുലൻസ് നിയന്ത്രണംവിട്ട് വൈദ്യുതി തൂണിൽ ഇടിച്ചുകയറി. രോഗിയെ അഗ്‌നിരക്ഷാ സേനയെത്തി ആശുപത്രിയിലേക്ക് മാറ്റി. എം.സി. റോഡിൽ ചെങ്ങന്നൂർ നന്ദാവനം ജംഗ്ഷനു സമീപം ഇന്നലെ പുലർച്ചെ രണ്ടുമണിയോടെയായിരുന്നു അപകടം. കറ്റാനത്ത് നിന്ന് കോട്ടയം മെഡിക്കൽ കോളേജിലേക്ക് രോഗിയുമായി പോയ ആംബുലൻസാണ് അപകടത്തിൽപ്പെട്ടത്. ആംബുലൻസ് ബ്രേക്ക് ചെയ്തപ്പോൾ നിയന്ത്രണംവിട്ട് ഇടത്തേക്ക് പാളി റോഡരികിലെ ഇരുമ്പ് വൈദ്യുതി തൂണിൽ ഇടിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഓക്‌സിജൻ നൽകി കിടത്തിയിരിക്കുകയായിരുന്ന രോഗിയുടെ മാസ്‌ക് ഇടിയുടെ ആഘാതത്തിൽ തെറിച്ചുപോയി. ഡ്രൈവർക്കും കൂടെയുണ്ടായിരുന്നവർക്കും പരിക്കേറ്റു. ഇവർ പിന്നീട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. അപകടത്തിൽ വൈദ്യുതി തൂണും നടപ്പാതയിലെ ഇരുമ്പ് കൈവരിയും തകർന്നു. വൈദ്യുതി തൂണിൽ കുടുങ്ങിക്കിടന്ന ആംബുലൻസിന്റെ ഭാഗങ്ങൾ മുറിച്ചു മാറ്റിയാണ് നീക്കം ചെയ്തത്. അപകടത്തെ തുടർന്ന് നഗരത്തിലെ വൈദ്യുതി വിതരണം തടസപ്പെട്ടു.