accident
വെളിച്ചമില്ലാത്തതുമൂലം ബൈക്ക് റൗണ്ട് എബൗട്ടിൽ ഇടിച്ചുകയറിയുണ്ടായ അപകടം

ചെങ്ങന്നൂർ: വഴിവിളക്കുകൾ പ്രകാശിക്കാത്തതും ആവശ്യത്തിന് സൂചനാബോർഡുൾ ഇല്ലാത്തതും ആഞ്ഞിലിമൂട് ജംഗ്ഷനെ വീണ്ടും അപകടത്തുരുത്താക്കുന്നു. കഴിഞ്ഞ അഞ്ച് ദിവസത്തിനുളളിൽ മൂന്ന് അപകടങ്ങളാണ് ഇവിടെ നടന്നത്. എം.സി റോഡിൽ ആഞ്ഞിലിമൂട് ജംഗ്ഷനിൽ റൗണ്ട് എബൗട്ടും നടപ്പാതകൾക്ക് വേലിയും നിർമ്മിച്ചെങ്കിലും അപകടത്തിന് കുറവില്ല. മാത്രമല്ല എം.സി റോഡിലെ ഈ പ്രദേശം ഉൾപ്പടെ സുരക്ഷാ ഇടനാഴിയായി പ്രഖ്യാപനവും നടത്തി നാലര മാസം മുൻപ് ഹൈമാസ്റ്റ് ലൈറ്റുകളും സ്ഥാപിച്ചിരുന്നു. തിങ്കളാഴ്ച ഉച്ചകഴിഞ്ഞുണ്ടായ വാഹനങ്ങളുടെ കൂട്ട ഇടിയിൽ നാലു കാർ തകർന്നു. തിരുവനന്തപുരത്തു നിന്നും വന്ന കാർ വഴിയരികിൽ കിടന്ന കാറിൽ ഇടിക്കുകയും, അത് മുന്നിൽ നിറുത്തിയിട്ടിരുന്ന മറ്റൊരു കാറിൽ ഇടിക്കുകയും ചെയ്തു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തിരിയുകയും പിറകേ വന്ന ഇന്നോവയുമായി കുട്ടിയിടിക്കുകയുമായിരുന്നു. കഴിഞ്ഞ ദിവസം റൗണ്ട് എബൗട്ട് തെറ്റിച്ചെത്തിയ ബൈക്കും കാറും തമ്മിലും കൂട്ടിയിടിച്ചു. വെളളിയാഴ്ച രാത്രി വൃദ്ധയുമായി എത്തിയ ബൈക്ക് യാത്രികൻ വെളിച്ചമില്ലാത്തിനാൽ റൗണ്ട് എബൗട്ടിൽ തട്ടി വീണു. രണ്ടു മാസം മുൻപ് റൗണ്ട് എബൗട്ടിൽ കെ.എസ്.ആർ.ടി.സി. ബസും ടോറസ് ലോറിയും കൂട്ടിയിടിച്ചിരുന്നു.ആയിരക്കണക്കിനു യാത്രികരും, വാഹനങ്ങൾക്കും പുറമേ പ്രദേശത്തെ വിവിധ വിദ്യാലയങ്ങളിലെ നിരവധി കുട്ടികളും ഇതുവഴിയാണ് കടന്നു പോകുന്നത്.

മുടക്കിയത് 86ലക്ഷം: വേണ്ടതൊന്നും ചെയ്തില്ല

ചെങ്ങന്നൂർ - അടൂർ സുരക്ഷാ ഇടനാഴി പദ്ധതി ഭാഗമായി 86 ലക്ഷം രൂപ ചെലവാക്കിയാണ് ജംഗ്ഷന്റെ സമഗ്ര നവീകരണം നടത്തിയത്. കോടുകുളഞ്ഞി-മാവേലിക്കര റോഡിലേക്കുള്ള കയറ്റം ഒരുപരിധി വരെ നിരപ്പാക്കുകയും റൗണ്ട് എബൗട്ട് നിർമ്മിക്കുകയും ചെയ്തു. എം.സി റോഡിലേക്കു കൊല്ലം തേനി ദേശീയപാതയിലെ കൊല്ലകടവ് കോടുകുളഞ്ഞി റോഡ് പ്രവേശിക്കുന്നത് ഇവിടെയാണ്. റോഡപകടങ്ങൾ പതിവായ ജംഗ്ഷനിൽ നിരവധി ജീവനുകൾ നേരത്തെ പൊലിഞ്ഞിട്ടുണ്ട്. റൗണ്ട് എബൗട്ട് തിരിയാനായി സിഗ്‌നൽ സ്ഥാപിച്ചിട്ടില്ലാത്തതും തിരിയുന്നതിലെ ധാരണക്കുറവും അപകടങ്ങൾ കാരണമാകുന്നു.

വളവിലെ ബസ് സ്റ്റോപ്പ് ; സൂചന ബോർഡില്ല


കോടുകുളഞ്ഞി - മാവേലിക്കര ഭാഗത്തേക്കുള്ള ബസുകളും വളവിന് സമീപം നിറുത്തുന്നതിനാൽ എം.സി. റോഡിൽ നിന്നും വരുന്ന വാഹനങ്ങളുടെ കാഴ്ച മറയുന്നുണ്ട്. സിഗ്‌നൽ സംവിധാനം സ്ഥാപിക്കുകയും, ബസ് സ്റ്റോപ്പ് ക്രമീകരിക്കുകയും വേണമെന്നു നാട്ടുകാർ ആവശ്യപ്പെടുന്നു. കൊല്ലകടവ്-കേടുകുളഞ്ഞി റോഡിലെ ഉയർന്ന ഭാഗത്തു നിന്നു വാഹനങ്ങൾ എം.സി. റോഡിലേക്കു പ്രവേശിക്കുമ്പോഴും, എംസി റോഡിൽ നിന്നു കോടുകുളഞ്ഞി റോഡിലേക്കു കടക്കുമ്പോഴുമാണ് നേരത്തെ അപകടങ്ങളുണ്ടായിട്ടുള്ളത്. സ്റ്റോപ്പ് പുനഃക്രമീകരിക്കണമെന്ന ആവശ്യമുയരുന്നുണ്ട്. സൂചന ബോർഡില്ലാത്തതിനാൽ കൊല്ലം-തേനി റോഡിലേക്കോ, പന്തളം ഭാഗത്തേക്കോ പരിചയമില്ലാത്ത യാത്രകാർക്ക് വണ്ടി തിരിക്കുന്നതിലും ആശയക്കുഴപ്പമുണ്ട്.

5 ദിവസത്തിനുള്ളിൽ 3 അപകടങ്ങൾ.