march2222

പത്തനംതിട്ട : ജില്ലയിലെ ബാലസദനങ്ങളിൽ നടക്കുന്ന ദുരൂഹ മരണത്തെക്കുറിച്ചും പീഡനങ്ങളെയും വിവേചനത്തെയും കുറിച്ചും അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പട്ടികജാതി ക്ഷേമസമിതി നാളെ വൈകിട്ട് നാലിന് പത്തനംതിട്ടയിൽ മാർച്ചും ധർണ്ണയും നടത്തും. സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റംഗം പി.കെ.ബിജു ഉദ്ഘാടനം ചെയ്യും. വൈകിട്ട് നാലിന് സെന്റ് പീറ്റേഴ്‌സ് ജംഗ്ഷനിൽ നിന്ന് മാർച്ച് ആരംഭിക്കും. പത്തനംതിട്ട ബസ് സ്റ്റാൻഡിന് സമീപത്താണ് പൊതുയോഗം. എലിയറയ്ക്കലും പുല്ലാടും
പെരിങ്ങനാട് അമ്മകണ്ടകരയിലും പ്രവർത്തിക്കുന്ന ബാലസദനങ്ങളിൽ നിരന്തര പീഡനങ്ങളും ദുരൂഹ മരണങ്ങളും നടക്കുന്നതായി പരാതിയുണ്ട്. സംഘപരിവാർ നേതൃത്വത്തിലാണ് മൂന്നു സ്ഥാപനങ്ങളും നടക്കുന്നത്.
കോന്നിയിൽ ദുരൂഹ സാഹചര്യത്തിലാണ് പെൺകുട്ടി മരിക്കാനിടയായത്.പുല്ലാട് രണ്ട് പെൺകുട്ടികൾ രാത്രി മതിൽ ചാടി രക്ഷപ്പെടുകയായിരുന്നു. അമ്മകണ്ടകരയിൽ കുട്ടികൾക്ക് ക്രൂരമായ പീഡനത്തിന് വിധേയമാകുന്നത് സംബന്ധിച്ച് നിരവധി പരാതിയുണ്ട്. .ഇത് സംബന്ധിച്ച കേസുകൾ പൊലീസ് സ്റ്റേഷനുകളിൽ ഉണ്ട്. അതോടൊപ്പം ചെന്നീർക്കര മുട്ടത്തുകോണത്ത് അനുഷയ ഭവനിൽ ദേവകുമാറിന്റെ മരണത്തെ സംബന്ധിച്ച് ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്നും പി.കെ.എസ് ജില്ലാ പ്രസിഡന്റ് കെ.എം.ഗോപിയും സെക്രട്ടറി കെ.കുമാരനും ആവശ്യപ്പെട്ടു.