ചെങ്ങന്നൂർ: ആലപ്പുഴ ജില്ലയിൽ ബി.ജെ.പി ഭരിക്കുന്ന ഏക പഞ്ചായത്തായ പാണ്ടനാട്ടിൽ പ്രസിഡന്റ് ആശാ വി. നായർ പ്രസിഡന്റ് സ്ഥാനവും മെമ്പർ സ്ഥാനവും പാർട്ടി അംഗത്വവും രാജിവച്ചു. ഗ്രാമ പഞ്ചായത്തിൽ നേരത്തെ ബി.ജെ.പിയുടെ വൈസ് പ്രസിഡന്റിനെ സി.പി.എം. അവിശ്വാസത്തിലൂടെ പുറത്താക്കിയിരുന്നു. വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ജൂലായ് ആറിനു നടത്താനിരിക്കെയാണ് പ്രസിഡന്റ് കൂടി രാജിവച്ചത്. പ്രസിഡന്റിനെതിരെ അവിശ്വാസം കൊണ്ടുവന്നിരുന്നില്ല. ബി.ജെ.പി ജില്ലാ പ്രസിഡന്റ് എം.വി. ഗോപകുമാറിന്റെ പഞ്ചായത്ത് കൂടിയാണ് പാണ്ടനാട്. ഇതുകൂടി നഷ്ടമായതോടെ ജില്ലയിലെ പഞ്ചായത്തുകളിലെ ബി.ജെ.പി ഭരണത്തിനും അവസാനമായി. പാണ്ടനാട് പഞ്ചായത്തിലെ 13 അംഗ ഭരണസമിതിയിൽ ബി.ജെ.പി 6, സി.പി.എം 5, കോൺഗ്രസ് 2 എന്നിങ്ങനെയാണ് കക്ഷിനില. പാണ്ടനാട് പഞ്ചായത്ത് ഏഴാം വാർഡ് വന്മഴി വെസ്റ്റിൽ നിന്നുള്ള പ്രതിനിധിയായിരുന്നു ആശ. വാർഡിൽ ഇനി ഉപതിരഞ്ഞെടുപ്പു നടത്തണം.
പാണ്ടനാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റിനെതിരേ അവിശ്വാസം പാസായതിനെ തുടർന്ന് താൻരാജിവയ്ക്കണമെന്ന് ആവ്യക്തിപരമായി ആക്ഷേപിച്ച് ബി.ജെ.പി പ്രവർത്തകരും അനുഭാവികളും സമൂഹ മാദ്ധ്യമങ്ങളിലൂടെ ആവശ്യപ്പെട്ടതായി ആശാ വി. നായർ പറയുന്നു.
ഇക്കാര്യങ്ങൾ ബി.ജെ.പി നേതൃത്വത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നിട്ടും നടപടി സ്വീകരിച്ചില്ല. പഞ്ചായത്തിന്റെ വികസനം ശരിയായി മുന്നോട്ട് കൊണ്ടുപോകുന്നതിന് മന്ത്രിയുടെയും മറ്റ് ജനപ്രതിനിധികളുടെയും സഹായവും സഹകരണവും അത്യന്താപേക്ഷിതമാണ്. രാഷ്ട്രീയ അന്ധത മൂലം വികസനത്തെ എതിർക്കുന്ന ബി.ജെ.പിയുടെ നിലപാടിനൊപ്പം തുടരുവാൻ കഴിയുകയില്ലെന്ന് അവർ പറഞ്ഞു.
മുൻ പ്രസിഡന്റ് ഇടതു പാളയത്തിലേക്കു പോകാനുള്ള സാദ്ധ്യതയാണ് നിലവിലുള്ളത്. വൈസ് പ്രസിഡന്റിനെതിരെ മാത്രമായി ഇടതുപക്ഷം അവിശ്വാസം കൊണ്ടുവന്നപ്പോൾത്തന്നെ ഇത്തരത്തിലുള്ള ആരോപണങ്ങൾ ഉയർന്നിരുന്നു. അതിനു പുറമേ പ്രദേശവാസിയായ ജില്ലാ പഞ്ചായത്തംഗത്തെ പഞ്ചായത്തിന്റെ പരിപാടികളിൽ നിന്ന് മുൻ വൈസ് പ്രസിഡന്റ് ഒഴിവാക്കുന്നതായുള്ള ആരോപണങ്ങൾ സി.പി.എം നേരത്തെ ഉന്നയിച്ചിരുന്നു. തുടർന്നായിരുന്നു അവിശ്വാസം.
നിലവിൽ മെമ്പർ സ്ഥാനവും രാജിവച്ച സാഹചര്യത്തിൽ ഒരു മാസത്തിനകം പ്രസിഡന്റ് തിരഞ്ഞെടുപ്പു വരുമ്പോൾ ബി.ജെ.പി.ക്കും, സി.പി.എമ്മിനും 5 സീറ്റ് വീതമുണ്ടാകും. രണ്ടു സീറ്റുള്ള കോൺഗ്രസിന്റെ നിലപാട് അപ്പോൾ നിർണായകമായേക്കും.