 
കൊടുമൺ: ലഹരിവിരുദ്ധ ദിനാചരണവുമായി ബന്ധപ്പെട്ട് ജില്ലാ പൊലീസ്, സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റ് പദ്ധതിയുടെ ആഭിമുഖ്യത്തിൽ നടത്തിവന്ന ഒരാഴ്ചത്തെ പരിപാടികൾ സമാപിച്ചു. വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ഫുട്ബാൾ ടൂർണമെന്റ് കൊടുമൺ പഞ്ചായത്ത് സ്റ്റേഡിയത്തിൽ നടന്നു. കടമ്പനാട് കെ.ആർ.കെ.പി.എം ബി.എച്ച്.എസ്. എസ് & എച്ച് .എസ് വിജയികളായി. ജി.എച്ച്.എസ്.എസ് തെങ്ങമം റണ്ണർ അപ്പ് ആയി. വിജയികൾക്ക് ജില്ലാ പൊലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജൻ ട്രോഫി വിതരണം ചെയ്തു. എക്സൈസ് വിമുക്തി മിഷനും എസ്.പി.സിയും സംയുക്തമായാണ് ടൂർണമെന്റ് നടത്തിയത്. നർകോട്ടിക് സെൽ ഡിവൈ.എസ്.പിയും എസ്.പി.സി പ്രൊജക്ട് ജില്ലാ നോഡൽ ഓഫീസറുമായ ആർ പ്രദീപ് കുമാർ അദ്ധ്യക്ഷനായിരുന്നു.എസ്.പി.സി ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ വി.എ പ്രദീപ്, അസിസ്റ്റന്റ് എക്സൈസ് കമ്മിഷണർ എസ്.സുനിൽ കുമാരപിള്ള, കൊടുമൺ പൊലീസ് ഇൻസ്‌പെക്ടർ മഹേഷ് കുമാർ, വാർഡ് അംഗം എ.ജി ശ്രീകുമാർ, എസ്.ഐ.ജി സുരേഷ് കുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർ എസ്.സുഭാഷ് എന്നിവർ സംസാരിച്ചു.