road-new

പത്തനംതിട്ട: ചെളിതെറിക്കാതെ വഴിനടക്കാൻ കഴിയില്ല പത്തനംതിട്ട പ്രസ് ക്ലബ് റോഡിൽ. ചെളിയും റോഡ‌ിലെ കുഴിയും കാരണം വാഹനങ്ങൾക്കുപോലും നേരാംവണ്ണം ഈ റോഡിൽ കൂടി പോകാൻ കഴിയാത്ത സ്ഥിതിയാണ്. വാട്ടർ അതോറിട്ടിയുടെ പൈപ്പിടലിനെ തുടർന്നാണ് റോഡ് ചെളിക്കുളമായി സഞ്ചരിക്കാൻ പറ്റാത്ത രീതിയിലായത്. പൈപ്പിടാൻ കുഴിച്ച മണ്ണ് റോഡിൽ നിരന്നുകിടക്കുകയാണ്. മഴ പെയ്തതോടെ ഇത് ചെളിയായി. വാഹനങ്ങൾ കയറിയിറങ്ങി കുഴികളും റോഡിൽ രൂപപ്പെടുകയാണ്. പത്തനംതിട്ടയിൽ നിന്ന് കടമ്മനിട്ടയിലേക്ക് പോകുന്ന റോഡാണിത്.

പ്രസ്‌ക്ലബ് ഭാഗത്ത് റോഡിൽ മണ്ണ് നിറഞ്ഞിരിക്കുന്നതിനാൽ റോഡ് താണും മണ്ണിട്ടിരിക്കുന്ന ഭാഗം ഉയർന്നുമിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ ഇരുചക്രവാഹന യാത്രക്കാരും ഓട്ടോറിക്ഷകളും ഈ മണ്ണിൽ പുതഞ്ഞുവീണിരുന്നു. രണ്ടാഴ്ച കഴിഞ്ഞു ഇവിടെ പൈപ്പിടൽ പൂർത്തിയായിട്ട്. എന്നാൽ കുഴിയെടുത്ത ഭാഗം ഉറപ്പിക്കാതെ കിടക്കുകയാണ്. കരാറുകാരന്റെ ചുമതലയാണ് കുഴി നല്ല രീതിയിൽ ഉറപ്പിച്ച് മൂടേണ്ടത്.തുടർച്ചയായി മഴപെയ്യുന്നതോടെ മണ്ണുംചെളിയും നിരന്ന് റോഡിൽ കാൽനടയാത്രക്കാർക്ക് നടന്നുപോകാൻ പോലും കഴിയാത്ത സ്ഥിതിയാണ്. റോഡരികിലെ സ്ഥാപനങ്ങളിലേക്ക് വാഹനങ്ങൾക്ക് പ്രവേശിക്കാൻ കഴിയാത്ത വിധം മണ്ണ് കുന്നുകൂടി കിടക്കുകയാണ്. റോഡരികിലാണ് ഒാട്ടോറിക്ഷാ സ്റ്റാൻ‌ഡ്. ചെളി തെറിക്കുന്നതിനാൽ ഓട്ടോയിൽ ഇരിക്കാൻ കഴിയാത്ത അവസ്ഥയിലാണ് ഡ്രൈവർമാർ. പത്തനംതിട്ട പ്രസ് ക്ലബ്, ബാങ്കുകൾ, കെ.എസ്.ഇ.ബി ഓഫീസ്, ഇൻഷുറൻസ് ഓഫീസ്, എൽ.പി സ്കൂൾ തുടങ്ങിയ സ്ഥാപനങ്ങളും ഇൗ ഭാഗത്താണ്.