കോന്നി: കുളത്തുമൺ മേഖലയിൽ വന്യമൃഗ ശല്യം രൂക്ഷമാകുന്നു. കോന്നി വനം ഡിവിഷനിലെ നടുവത്തുംമൂഴി റേഞ്ചിലെ വനമേഖലയോട് ചേർന്ന കലഞ്ഞൂർ പഞ്ചായത്തിലെ ഈ ജനവാസമേഖലിയിൽ ഇരുനൂറോളം കുടുംബങ്ങളാണ് താമസിക്കുന്നത്. കുളത്തുമൺ, പോത്തുപാറ, താമരപ്പളി തുടങ്ങിയ പ്രദേശങ്ങളിലാണ് വന്യമൃഗശല്യം. കാട്ടാന, മ്ലാവ്, കേഴ,മലയണ്ണാൻ, കുരങ്ങ്, കാട്ടുപോത്ത്, കാട്ടുപന്നി എന്നിവ പ്രദേശത്ത് വ്യാപകമായി കാർഷിക വിളകൾ നശിപ്പിക്കുകയാണ്. പകൽ സമയത്തുപോലും ഇവിടെ വന്യമൃഗങ്ങളെ കാണാം. സന്ധ്യയായാൽ കാട്ടാനക്കൂട്ടങ്ങൾ വീടുകളുടെ സമീപംവരെയെത്തുന്നു. അടുത്തിടെ കുളത്തുമണ്ണിൽ വീടിനരികിൽ കെട്ടിയിട്ടിരുന്ന പട്ടിയെ പുലി കടിച്ചുകൊന്നിരുന്നു.കുളത്തുമൺ, കിഷോർ ഭവനിൽ കിഷോറിന്റെ പട്ടിയാണ് ചത്തത്. പ്രദേശത്ത് മുൻപും പലപ്പോഴും പുലിയുടെ സാന്നിദ്ധ്യമുണ്ടായിട്ടുണ്ട്. വനമേഖലയോട് ചേർന്നുകിടക്കുന്ന സ്വകാര്യ റബർതോട്ടങ്ങളിൽ ഇടക്കാടുകൾ തെളിക്കാതെ കിടക്കുന്നതും വന്യമൃഗ ശല്യം രൂക്ഷമാകാൻ കാരണമാകുന്നുണ്ട്. സന്ധ്യമയങ്ങിയാൽ കാട്ടാനകൾ വീടുകളുടെ സമീപംവരെത്തുന്നു.ഇതുമൂലം പുലർച്ചെ റബർ ടാപ്പിങ്ങിനു പോകുന്നവരും ഭയപ്പാടിലാണ്. പ്രദേശത്ത് കുരങ്ങുകൾ വ്യാപകമായി തേങ്ങാ നശിപ്പിക്കുന്നുമുണ്ട്. മുൻപ് പാട്ടകൊട്ടിയും പടക്കം പൊട്ടിച്ചുമാണ് കർഷകർ കാട്ടാനകളെ തുരത്തിയിരുന്നത്. ഇപ്പോൾ ആനകൾക്ക് ഇത് കേട്ടാലും ഭയമില്ല.