മല്ലപ്പള്ളി :പുറമറ്റം പഞ്ചായത്തിലെ പ്രസിഡന്റ് ഉൾപ്പെടെ ഏഴ് അംഗങ്ങൾ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ സംസ്ഥാന സർക്കാരിന്റെയും തിരഞ്ഞെടുപ്പു കമ്മീഷന്റെയും നിലപാട് അറിയിക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. കേസ് തിങ്കളാഴ്ച വീണ്ടും കോടതി പരിഗണിക്കും. എതിർ കക്ഷികളായ ഇടതു പഞ്ചായത്ത് അംഗങ്ങൾക്കും സി.പി.എം പ്രവർത്തകരായ ശോശാമ്മ ജോസഫ്, ടി.എസ് മന്മഥൻ, ശോബിക വിജയൻ, മായ വരിക്കപ്പള്ളിൽ, അജിത് പ്രസാദ് കാടമല എന്നിവർക്കും പ്രത്യേക ദൂതൻ വഴി നോട്ടീസ് നൽകുന്നതിനും ഹൈക്കോടതി ഉത്തരവിട്ടു. സി.പി.എം ആക്രമങ്ങളിൽ നിയമപരമായി നടപടി സ്വീകരിക്കുന്നതിൽ പൊലീസ് പരാജയപ്പെട്ടെന്നും പഞ്ചായത്ത് പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നതിനു പ്രസിഡന്റ് സൗമ്യ ജോബിക്കും യു.ഡി.എഫ് അംഗങ്ങൾക്കും ജീവന് നേരെ പുറമറ്റത്ത് സി.പി.എം പ്രവർത്തകർ ഭീഷണി ഉയർത്തുന്നതായി ഹർജിയിൽ പറയുന്നു. വൈസ് പ്രസിഡന്റ് ശോശാമ്മ തോമസിന് എതിരെ ജൂലൈ 7 ന് നടക്കുന്ന അവിശ്വാസ പ്രമേയ വോട്ടെടുപ്പ് സുഗമമാക്കുന്നതിനു പഞ്ചായത്ത് ഓഫീസിലും പരിസര റോഡുകളിലും കേന്ദ്ര സേനയെ വിന്യസിച്ചു സംരക്ഷണം നൽകണം എന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.