ചെങ്ങന്നൂർ: മന്ത്രി സജി ചെറിയാന്റെ സജ്ജീവമായ ഇടപെടലിലൂടെയാണ് പാണ്ടനാട് പഞ്ചായത്ത് മുൻ പ്രസിഡന്റ് ആശാ വി.നായരെ ഇടതുപാളയത്തിലെത്തിച്ചതെന്നു ബി.ജെ.പി. ചെങ്ങന്നൂർ മണ്ഡലം പ്രസിഡന്റ് പ്രമോദ് കാരയ്ക്കാട് പത്രസമ്മേളനത്തിൽ ആരോപിച്ചു. മന്ത്രി പർച്ചേസ് ചെയ്യുകയായിരുന്നു. മകന് ജോലിയടക്കം വാഗ്ദാനം ചെയ്തു. ലൈഫ് പദ്ധതിയിലടക്കം സി.പി.എമ്മുമായി ചേർന്നു അഴിമതി നടത്തിയതായി സംശയിക്കുന്നു. ഇക്കാര്യങ്ങൾ വരും ദിവസം പുറത്തു കൊണ്ടുവരും. ബി.ജെ.പി.യുടെ മറ്റ് അഞ്ചു അംഗങ്ങൾക്കും പ്രസിഡന്റിന്റെ പ്രവൃത്തികളിൽ വിയോജിപ്പുണ്ടായിരുന്നു. ജില്ലാ പഞ്ചായത്തംഗവുമായി ചേർന്നുള്ള പ്രവർത്തനങ്ങളും, അഴിമതി ചൂണ്ടിക്കാട്ടിയതും പാർട്ടിയോടുള്ള വിരോധത്തിനു കാരണമായി.വരുന്ന വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിപ്പ് ലംഘിക്കാനുള്ള സാദ്ധ്യത മുൻക്കൂട്ടി കണ്ടാണ് പാർട്ടി രാജി ആവശ്യപ്പെട്ടിരുന്നതായും മണ്ഡലം പ്രസിഡന്റ് ആരോപിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി അനീഷ് മുളക്കുഴ, ബി.ജെ.പിയുടെ പാണ്ടനാട് പഞ്ചായത്തംഗങ്ങളായ ടി.സി. സുരേന്ദ്രൻ, എം.വി.വിജയകുമാർ, വിജയമ്മ,ശ്രീലേഖ ശിവനുണ്ണി,ഷൈലജ രഘുറാം, ബ്ലോക്ക് പഞ്ചായത്തംഗം രശ്മി സുഭാഷ് എന്നിവരും പങ്കെടുത്തു.