തിരുവല്ല: അന്നനാളത്തിലെ ഞരമ്പുകൾക്ക് വീക്കം വന്നുണ്ടാകുന്ന രക്തസ്രാവത്തിന് പിൻ ഹോൾ ചികിത്സാരീതി ഡോ.ടോം ജോർജിന്റെ നേതൃത്വത്തിലുള്ള ഇന്റർവെൻഷണൽ റേഡിയോളജി സംഘം ജില്ലയിൽ ആദ്യമായി ബിലീവേഴ്‌സ് ആശുപത്രിയിൽ വിജയകരമായി പൂർത്തീകരിച്ചു. ജീവൻ രക്ഷാമാർഗമായി ചെയ്ത ഈ ചികിത്സ ട്രാൻസ്ജുഗുളാർ ഇന്ററാഹെപ്പാറ്റിക്ക് പോർട്ടോസിസ്റ്റമിക്ക് ഷണ്ട് എന്ന പേരിലാണ് അറിയപ്പെടുന്നത്.
രോഗിക്ക് ലിവർ സിറോസിസ്സിന്റെ ഭാഗമായി അന്നനാളത്തിലെ ഞരമ്പുകൾ വികസിക്കുകയും പൊട്ടുകയും പല തവണ രക്തം ഛർദ്ദിക്കുകയും ഏതാനും ആശുപത്രികളിൽ എൻഡോസ്‌കോപ്പി നടത്തുകയും ചെയ്തു. ഇത്തവണ അന്നനാളത്തിലെ ഞരമ്പുകൾ പൊട്ടിയതിന്റെ ഭാഗമായി രക്തം ഛർദ്ദിക്കുകയും മലത്തിലൂടെ വലിയ തോതിൽ രക്തസ്രാവമുണ്ടാവുകയും ചെയ്ത അവസ്ഥയുമായാണ് രോഗി ബിലീവേഴ്‌സ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്. ആശുപത്രിയിലെത്തി അധികം വൈകാതെ ഇന്റർവെൻഷണൽ റേഡിയോളജി ചികിത്സയിലൂടെ രക്തസ്രാവം നിയന്ത്രിക്കാൻ കഴിഞ്ഞു. രോഗി അസുഖം മൂർച്ഛിച്ച് വളരെ ഗുരുതരമായ അവസ്ഥയിലാണ് വന്നതെങ്കിലും അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാൻ സാധിച്ചത് വളരെയധികം ആശ്വാസകരമായ കാര്യമാണെന്ന് അസിസ്റ്റന്റ് പ്രൊഫസറും ഇന്റർവെൻഷണൽ റേഡിയോളജി വിഭാഗം മേധാവിയുമായ ഡോ.ടോം ജോർജ് പറഞ്ഞു. സങ്കീർണ്ണമായ ഉദര കരൾ രോഗങ്ങൾക്കുള്ള ചികിത്സ നിർവഹിക്കാൻ സമഗ്രമായ ഒരു മെഡിക്കൽ സംഘം അനിവാര്യമാണെന്ന് ആശുപത്രി ഡയറക്ടറും സി.ഇ.ഒ യും ഉദര കരൾരോഗ വിദഗ്ദ്ധനുമായ പ്രൊഫ. ഡോ. ജോർജ് ചാണ്ടി മറ്റീത്ര അഭിപ്രായപ്പെട്ടു.