1
കുന്നന്താനംഏലിയാസ് കവല - മുണ്ടിയപ്പള്ളി റോഡിലെ സമീപന പാതയില്ലാത്ത ചക്കുങ്കൽ പടിയിലെ കലുങ്ക്.

മല്ലപ്പള്ളി : നിർമ്മാണം പൂർത്തിയായിട്ട് രണ്ട് പതിറ്റാണ്ട് കഴിഞ്ഞിട്ടും സമീപന പാതയില്ലാത്ത കലുങ്ക് നോക്കുകുത്തിയാകുന്നു. കുന്നന്താനം- കവിയൂർ പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഏലിയാസ് കവല - മുണ്ടിയപ്പള്ളി റോഡിലെ ചക്കുങ്കൽ പടിയിലെ കലുങ്ക് കടുകയറി കിടക്കുകയാണ് ഇപ്പോൾ. മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി 116000 രൂപ ചെലവഴിച്ചാണ് കലുങ്ക് നിർമ്മിച്ചത്. റോഡിന്റെ ഒരു വശത്തെ താഴ്ച ഒഴിവാക്കുന്നതിനാണ് കലുങ്ക് പണിതത്. എന്നാൽ പിന്നീട് തുക അനുവദിക്കുന്നതിനോ നിർമ്മാണംനടത്തുന്നതിനോ അധികൃതർ തയ്യാറായിട്ടില്ല.ഏലിയാസ് കവലയിലും സമീപവാസികൾക്ക് മുണ്ടിയപ്പള്ളി, കല്ലൂപ്പാറ, കവിയൂർ ഭാഗങ്ങളിലേക്ക് എത്തുന്നതിനുള്ള എളുപ്പ മാർഗമാണിത്. കുന്നന്താനം കവലയിലെ തിരക്ക് ഒഴിവാക്കുന്നതിനും 3 കിലോമീറ്റർ ലാഭിക്കാനുമാകും. ഒരു കിലോമീറ്റർ മാത്രം ദൈർഘ്യമുള്ള റോഡ് വിവിധ പദ്ധതികളിൽ ഉൾപ്പെടുത്തി ടാറിംഗും കോൺക്രീറ്റിംഗും നടത്തി സഞ്ചാരയോഗ്യമാക്കിയിട്ടുണ്ടെങ്കിലും കലുങ്കിന്റെ ഇരുവശങ്ങളിലെ നിർമ്മാണം നടക്കാത്തതുമൂലം വാഹനങ്ങൾക്ക് പോകാൻ കഴിയില്ല. കവിയൂർ പഞ്ചായത്തിന്റെ രണ്ടാം വാർഡും കുന്നന്താനം പഞ്ചായത്തിന്റെ ഒമ്പതാം വാർഡും ഉൾപ്പെടുന്ന റോഡിനെ ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവർ അവഗണിക്കുകയാണെന്നാണ് നാട്ടുകാരുടെ പരാതി. റോഡ് സഞ്ചാരയോഗ്യമാക്കുന്നതിനെക്കുറിച്ച് ചർച്ചചെയ്യാൻ മാസങ്ങൾക്ക് മുമ്പ് നടന്ന യോഗത്തിന്റെ തീരുമാനങ്ങളും കടലാസിലൊതുങ്ങി. സമീപന പാതയുടെ നിർമ്മാണത്തിനാവശ്യമായ പദ്ധതികൾ തയ്യാറാക്കി അടിയന്തരമായി റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.

കുന്നന്താനം, കവിയൂർ പഞ്ചായത്തിലെ ജനപ്രതിനിധികളോ ബ്ലോക്ക് പഞ്ചായത്ത് പ്രതിനിധികളോ വിചാരിച്ചാൽ സമീപന പാതയ്ക്ക് പദ്ധതി തയ്യാറാക്കുവാൻ സാധിക്കും . ഒന്നരലക്ഷം രൂപ പദ്ധതിക്കായി വിനിയോഗിച്ചാൽ ഗതാഗതം സാദ്ധ്യമാകും

സോമൻ

പ്രദേശവാസി