മല്ലപ്പള്ളി: വാലാങ്കര - അയിരൂർ റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് പുതുക്കിനൽകിയ എസ്റ്റിമേറ്റിന് കെ.ആർ .എഫ് ബി അനുമതി ലഭിച്ചതായി അഡ്വ. പ്രമോദ് നാരായൺ എം.എൽ.എ അറിയിച്ചു. 22.76 കോടി രൂപയ്ക്കാണ് അനുമതി . നേരത്തെ 19.59 കോടി രൂപയായിരുന്നു. റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് സംരക്ഷണ ഭിത്തിയും മതിലുകളും കെട്ടിനൽകേണ്ട അളവുകളിൽ വന്ന വ്യത്യാസവും നിർമ്മാണ ചെലവ് ഉയർന്നതുമാണ് എസ്റ്റിമേറ്റ് പുതുക്കി നൽകാൻ ഇടയാക്കിയത്.റോഡിൽ നിന്നിരുന്ന കെ.എസ്.ഇ.ബി തൂണുകൾ മാറ്റാൻ കാലതാമസം നേരിട്ടതും നിർമ്മാണത്തെ ബാധിച്ചു.

എഴുമറ്റൂർ - അയിരൂർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന 8.3 കി മീ ദൂരം വരുന്ന റോഡിനായി 2017 ലാണ് എസ്റ്റിമേറ്റ് തയ്യാറാക്കിയത്. തുടർന്ന് റോഡിൽ ബി. എം നിലവാരത്തിലുള്ള നിർമ്മാണവും നടത്തി. കലുങ്കുകളും സംരക്ഷണഭിത്തികളും നിർമ്മിച്ചിട്ടുണ്ട് . നാട്ടുകാർ സൗജന്യമായി വിട്ടുനൽകിയ സ്ഥലം ഉൾപ്പെടുത്തി 10 മീറ്രർ വീതിയിലാണ് റോഡ് നിർമ്മിക്കുന്നത്.എന്നാൽ റോഡിന്റെ തുടക്കത്തിൽ നാല് കിലോമീറ്റർ ദൂരം വരുന്ന ഭാഗത്ത് വീതി വർദ്ധിപ്പിച്ച് നിർമ്മാണ പ്രവൃത്തികൾ നടത്താനുണ്ട്. നാട്ടുകാർ വസ്തു വിട്ടുനൽകുന്ന മുറയ്ക്ക് ഇവിടെ വീതി കൂട്ടുമ്പോൾ പൊളിച്ചുമാറ്റേണ്ട മതിലുകളും സംരക്ഷണ ഭിത്തികളും പകരം കെട്ടിനൽകേണ്ടതുമുണ്ട്. റോഡിന് വീതി വർദ്ധിപ്പിച്ച ശേഷം മാത്രമേ ഇവിടെ കെ.എസ്.ഇ.ബി പോസ്റ്റുകൾ മാറ്റി സ്ഥാപിക്കാനാകു.