മല്ലപ്പള്ളി : കൊറ്റനാട് പഞ്ചായത്തിൽ അങ്ങാടി - കൊറ്റനാട് സമഗ്ര കുടിവെള്ള പദ്ധതി വഴി എല്ലാ വീടുകളിലും കുടിവെള്ളം എത്തിക്കും. നദികളോ മറ്റ് ജലസ്രോതസുകളോ ഇല്ലാത്തതാണ് കൊറ്റനാട് പഞ്ചായത്തിൽ കുടിവെള്ളപദ്ധതികൾ പ്രതിസന്ധിയിലാക്കുന്നത്. ഇതിന് പരിഹാരമായാണ് അങ്ങാടി- കൊറ്റനാട് കുടിവെള്ള പദ്ധതി രൂപീകരിച്ചത്.രണ്ട് പഞ്ചായത്തുകളിലുമായി 75.37 കോടി രൂപയുടെ പദ്ധതിയാണ് നടപ്പാക്കുക. അങ്ങാടിയിൽ പമ്പാനദിയുടെ തീരത്ത് നിർമ്മിക്കുന്ന കിണറ്റിൽ നിന്ന് സംഭരിക്കുന്ന ജലം കൊറ്റനാട് പഞ്ചായത്തിലെ ശുദ്ധീകരണ പ്ലാന്റിൽ എത്തിച്ച് ശുദ്ധീകരിച്ച ശേഷമായിരിക്കും മിനറൽ വാട്ടർ നിലവാരത്തിൽ ജനങ്ങൾക്ക് എത്തിച്ചു നൽകുക.

ട്രീറ്റ്മെൻറ് പ്ലാന്റ് സ്ഥാപിക്കുന്നതിനായി കൊറ്റനാട് പഞ്ചായത്തിലെ മാരികാവിൽ 2015 ൽ ഒരേക്കർ സ്ഥലം 58 ലക്ഷം രൂപ ചെലവഴിച്ച് വാങ്ങിയിട്ടുണ്ട്. അങ്ങാടി പഞ്ചായത്തിൽ നിന്ന് 10 ലക്ഷം രൂപ സ്ഥലം വാങ്ങുന്നതിന് ലഭിച്ചു. 12 ലക്ഷം രൂപ കൊറ്റനാട് പഞ്ചായത്തിലെ ജനകീയ സമിതിയുടെ നേതൃത്വത്തിൽ വീട് കയറിയാണ് ശേഖരിച്ചത്. ബാക്കി വരുന്ന തുക കൊറ്റനാട് പഞ്ചായത്ത് കണ്ടെത്തിനൽകുകയായിരുന്നു. വർഷങ്ങൾക്കു മുമ്പ് മാലികാവ് പമ്പാനദിയിൽ നിന്ന് വെള്ളം എത്തിച്ച് വിതരണം ചെയ്യുന്നതിനായി ഒരു ലക്ഷം ലിറ്റർ ശേഷിയുള്ള ഒരു ടാങ്ക് നിർമ്മിച്ചിരുന്നു .ഇത് ഇപ്പോൾ ഉപയോഗിക്കാതെ കിടക്കുകയാണ്. ഇതും പുതിയ പദ്ധതിക്ക് വേണ്ടി ഉപയോഗിക്കും.

കൊറ്റനാട് പഞ്ചായത്തിൽ ജൽജീവൻ മാഷൻ വഴി 9168 കണക്ഷനുകളാണ് നൽകുക. പ്രോജക്ട് ഡിവിഷൻ വഴി 4706 കണക്ഷനുകളും വാട്ടർ അതോറിറ്റി തിരുവല്ല പിഎച്ച് ഡിവിഷൻ വഴി 3456 കണക്ഷനുകളും നൽകും .

കിണറുകളിൽ നിന്ന് വെള്ളമെടുത്ത് വിതരണം ചെയ്യുന്ന കുളത്തുങ്കൽ, ഉപ്പോലി ഉൾപ്പെടെയുള്ള ചെറിയ പദ്ധതികൾ മാത്രമാണ് പഞ്ചായത്തിൽ നിലവിലുള്ളത്. ജൽജീവൻ പദ്ധതി നടപ്പാക്കുന്നതോടെ പഞ്ചായത്തിലെ എല്ലാ വീടുകളിലും കുടിവെള്ളം ഉറപ്പാക്കാനാകുമെന്ന് അധികൃതർ പറഞ്ഞു .

ജൽജീവൻ പദ്ധതിയുടെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി അഡ്വ .പ്രമോദ് നാരായൺ എം.എൽ.എ യുടെ സാന്നിദ്ധ്യത്തിൽ നടന്ന യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് പ്രകാശ് പി.സാം അദ്ധ്യക്ഷനായി. വാട്ടർ അതോറിറ്റി എക്സി. എൻജിനീയർ കെ.യു.മിനി, അസി. എക്സി. എൻജിനീയർമാരായ എസ് .ജി. കാർത്തിക, മഞ്ജു, അസി. എൻജിനീയർമാരായ പി.കെ.പ്രദീപ്കുമാർ , അശ്വിൻ, ശ്രീലേഖ എന്നിവർ പ്രസംഗിച്ചു.