 
പത്തനംതിട്ട : ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ആന്റി നർകോട്ടിക്‌സ് സെല്ലും അടൂർ പൊലീസും ചേർന്ന് നടത്തിയ പരിശോധനയിൽ കഞ്ചാവുമായി രണ്ടു യുവാക്കൾ അറസ്റ്റിലായി. പാലമേൽ കുടശനാട് കഞ്ചുക്കോട് പൂവണ്ണുംതടത്തിൽ വീട്ടിൽ അൻസൽ (27), അടൂർ പെരിങ്ങനാട് മേലൂട് സതീഷ് ഭവനം വീട്ടിൽ വിനീഷ്(27) എന്നിവരെയാണ് നെല്ലിമൂട്ടിൽപ്പടി ട്രാഫിക് പോയിന്റിൽ വച്ച് പിടികൂടിയത്. ഇവർ സഞ്ചരിച്ച സ്‌കൂട്ടറിന്റെ സീറ്റിനടിയിൽ നിന്ന് തുണിസഞ്ചിയിൽ പൊതിഞ്ഞനിലയിൽ 2.085 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. കൈകാണിച്ചിട്ട് നിറുത്താതെ രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ തടഞ്ഞുനിറുത്തി പിടികൂടുകയായിരുന്നു. വെട്ടിച്ചു രക്ഷപ്പെടാൻ ശ്രമിച്ച ഇവരെ തടയുന്നതിനിടയിൽ സ്‌കൂട്ടർ മറിഞ്ഞുവീണ് ഡാൻസാഫ് അംഗമായ എസ്.ഐ അജി സാമൂവലിന്റെ കാലിന് പരിക്കേറ്റു.
അൻസൽ അടൂർ, നൂറനാട്, ഹരിപ്പാട്, കായംകുളം തുടങ്ങിയ പൊലീസ് സ്റ്റേഷനുകളിൽ മോഷണം, സ്ത്രീകളെ അപമാനിക്കൽ തുടങ്ങിയ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. അടൂർ ഡിവൈ. എസ്. പി ആർ. ബിനു, ഇൻസ്‌പെക്ടർ ടി.ഡി പ്രജീഷ്, എസ്.ഐ എം. മനീഷ്, ഡാൻസാഫ് ടീം എസ്.ഐ അജി സാമൂവൽ, എ.എസ്.ഐ അജി, സി പി ഓമാരായ മിഥുൻ, ബിനു, ശ്രീരാജ്, അഖിൽ, സുജിത് എന്നിവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്.