ചെങ്ങന്നൂർ: മത്സ്യകൃഷി നടത്താൻ ഇറങ്ങിത്തിരിച്ച സംരംഭകനോട് പാർട്ടി നേതാവ് കൈക്കൂലി ആവശ്യപ്പെട്ടതായും ഇത് നൽകാത്തതിനെ തുടർന്ന് സംരഭം തടസപ്പെടുത്താൻ വ്യാജ പരാതി നൽകിയെന്നും പരാതി. തിരുവൻവണ്ടൂർ ഗ്രാമപഞ്ചായത്തിന്റെ മുൻ പ്രസിഡന്റ് മഴുക്കീർ കളത്തറ മണ്ണിൽ ജയ്‌മോൻ തോമസാണ് പരാതിക്കാരൻ. ജയ്‌മോന്റെ ഉടമസ്ഥതയിലുള്ള, തിരുവൻവണ്ടൂർ വില്ലേജിൽ കല്ലിശേരി വാർഡിൽ ഡേറ്റാ ബാങ്കിൽ നിന്ന് ഒഴിവാക്കിയ 15 സെന്റ് വസ്തുവിൽ ബയോ ഫ്‌ളോഗ് മത്സ്യകൃഷി നടത്തുന്നതിന് ഫിഷറീസ് ഓഫീസിൽ നിന്ന് അനുമതി ലഭിച്ചിരുന്നു. ഈ ഭൂമിയുടെ രണ്ടുവശങ്ങൾ കരിങ്കൽ കെട്ടി സംരക്ഷിച്ചിരുന്നതാണ്. ബാക്കി രണ്ട് വശത്ത് കരിങ്കൽകെട്ടുന്നതിന് ആർ.ഡി.ഒ യുടെ അനുവാദത്തിനായി അപേക്ഷ നൽകി. ഇതേത്തുടർന്ന് രണ്ട് പ്രാവശ്യം വില്ലേജ് ഓഫീസർ സ്ഥലത്തെത്തി പരിശോധന നടത്തി അനുകൂല റിപ്പോർട്ട് നൽകി. തുടർന്നുള്ള കാര്യങ്ങൾക്ക് ചെങ്ങന്നൂർ ആർ.ഡി.ഒ യോട് സംസാരിക്കുന്നതിനായി ഒരു ഭരണകക്ഷി നേതാവിനെയും കൂട്ടിയാണ് പോയത്. ആർ.ഡി.ഒ അനുകൂല മറുപടി നൽകുകയും ചെയ്തു. എന്നാൽ അന്ന് വൈകിട്ട് ഭരണ കക്ഷിയുടെ നേതാക്കൾ ജയ്‌മോന്റെ വീട്ടിലെത്തി ഒരു ലക്ഷം രൂപ കൈക്കൂലിയായി ആവശ്യപ്പെട്ടു. അതു കൊടുക്കാൻ തയ്യാറാകാത്തതിനെത്തുടർന്നാണ് സംരഭം തടസപ്പെടുത്താനുളള ശ്രമം ആരംഭിച്ചത്. കാര്യങ്ങൾ നടക്കാതെ വന്നപ്പോൾ ജയ്മോൻ മന്ത്രി സജി ചെറിയാനെക്കണ്ട് വിവരങ്ങൾ ധരിപ്പിച്ചു. സജി ചെറിയാന്റ ഇടപെടലിനെ തുടർന്ന് അനുകൂല ഉത്തരവ് ലഭിക്കുകയും ചെയ്തു. ഇതിൽ കുപിതരായ നേതാക്കൾ മുളക്കുഴ സ്വദേശി ഇന്ദ്രജിത്ത് എന്ന പേരിൽ വ്യാജ പരാതി നൽകി. അന്വേഷണത്തിൽ വ്യാജ പരാതിക്കാരുടെ പിന്നിൽ കൈക്കൂലി ചോദിച്ച നേതാക്കളാണന്ന് മനസിലാക്കാൻ കഴിഞ്ഞു. ഇതേത്തുടർന്ന് ഇത്തരം നീക്കം നടത്തിയ നേതാക്കൾക്കെതിരെ നടപടി ആവശ്യപെട്ട് ജയ്‌മോൻ തോമസ് സി.പി.ഐ ആലപ്പുഴ ജില്ലാ സെക്രട്ടറി ടി.ജെ ആഞ്ചലോസിന് പരാതി നൽകി.