bridge-
വെട്ടിയ തോട് പാല നിർമാണം നിലച്ച നിലയിൽ

പടിഞ്ഞാറേകല്ലട: മഴയും വെള്ളക്കെട്ടും ചെളിയും കാരണം കോതപുരം വെട്ടിയ തോട് പാലത്തിന്റെ നിർമ്മാണം നിലച്ചു. അതോടെ യാത്രക്കാർ ദുരിതത്തിലായി. മഴ കാരണം രണ്ടാഴ്ചയിലധികമായി പാലം നിർമ്മാണം നടക്കുന്നില്ല. വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈൻ മാറ്റുന്നതിന് റോഡ് വെട്ടിപ്പൊളിച്ചതാണ് കാൽനട യാത്രക്കാർ ഉൾപ്പെടെയുള്ളവരെ വലക്കുന്നത്. പാലത്തിനടിയിലുള്ള തോട് നികത്തിയായിരുന്നു തൂണുകളുടെ പൈലിംഗ് ജോലികൾ നടന്നത്. അടിക്കടിയുണ്ടായ മഴ കാരണം മുണ്ടകപ്പാടത്തെ ജലനിരപ്പ് ഉയർന്ന് വെള്ളം ആറ്റിലേക്ക് ഒഴുകാതെ തടസപ്പെടുന്ന നിലയിൽ ചെളിയായി. ചെളി നീക്കം ചെയ്തെങ്കിലും നിർമ്മാണം നടത്താനുള്ള സാഹചര്യമില്ലെന്നാണ് കരാറുകാർ പറയുന്നത്. കൂടാതെ വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈൻ മാറ്റി സ്ഥാപിക്കുവാൻ വൈകുന്നതും പാലം പണിയെ കാര്യമായി ബാധിച്ചു. സമാന്തര റോഡിനായി ഏറ്റെടുത്ത സ്ഥലത്തെ പഴയ കെട്ടിടം ലേലം ചെയ്തു പൊളിച്ചു മാറ്റിയാൽ മാത്രമേ ആ സ്ഥലത്ത് കൂടി പുതിയ പൈപ്പ് ലൈൻ കുഴിച്ചിടുവാൻ കഴിയുകയുള്ളു. എന്നാൽ പാലത്തിന്റെ നിർമ്മാണം ഇത്തരത്തിൽ നീണ്ടുപോകുന്നതിന് പിന്നിൽ കരാറുകാരുടെ അനാസ്ഥയാണെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.

റെയിൽവേ ലൈനിലൂടെ യാത്ര

യാത്രക്കാർക്ക് പാലത്തിന്റെ ഇരുകരകളുമായി ബന്ധപ്പെടാൻ റെയിൽവേ ലൈനല്ലാതെ മറ്റു യാതൊരു മാർഗവുമില്ല. ഇത് വലിയ ദുരന്തങ്ങൾക്ക് കാരണമാകും. കൂടാതെ സ്കൂൾ തുറക്കുന്നതോടെ കുട്ടികളുടെ റെയിൽവേ ലൈൻ വഴിയുള്ള യാത്രയും അപകടം നിറഞ്ഞതാണ് . രണ്ടാഴ്ചയിലധികമായി നിറുത്തിവെച്ച പാലം പണി പുനരാരംഭിക്കാനുംസമാന്തര റോഡിനായി ഏറ്റെടുത്ത സ്ഥലത്ത് കൂടി പുതിയ പൈപ്പ് ലൈൻ സ്ഥാപിച്ച് യാത്രക്കാർക്ക് സുഗമമായി യാത്ര ചെയ്യുവാനുമുള്ള സൗകര്യം ഒരുക്കുവാൻ അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

പാലം : 3.27 കോടി രൂപ

സമാന്തര റോഡിന് : 2.16 കോടി രൂപ

കഴിഞ്ഞ നവംബർ 12നായിരുന്നു പാലത്തിന്റെ നിർമ്മാണോദ്ഘാടനം മന്ത്രി നിർവഹിച്ചത്. 3.27 കോടി രൂപ പാലത്തിനും 2.16 കോടി രൂപ സമാന്തര റോഡിനുമായി സർക്കാർ അനുവദിച്ചിട്ടുണ്ട്. 24 മീറ്റർ നീളത്തിൽ 10 മീറ്റർ വീതിയിൽ ഇരുകരകളെയും തമ്മിൽ ബന്ധിപ്പിച്ച് ഒമ്പത് തൂണുകളിലായാണ് പാലം നിർമ്മിക്കുന്നത്. അതിൽ 5 തൂണുകളുടെ പൈലിംഗ് ജോലികൾ പൂർത്തിയായി. 18 മാസമാണ് കരാർ കാലാവധി.

സമാന്തര റോഡിനായി ഏറ്റെടുത്ത സ്ഥലത്തെ പഴയ കെട്ടിടം പൊളിച്ചു മാറ്റിയാലുടൻ പുതിയ പൈപ്പ് ലൈൻ സ്ഥാപിക്കുവാനുള്ള ജോലി ആരംഭിക്കും .അഞ്ചുദിവസത്തിനുള്ളിൽ അതിന്റെ പണി പൂർത്തിയാകും.

റെജി വാസ് വി.എ , അസിസ്റ്റന്റ് എൻജിനീയർ,

കേരള വാട്ടർ അതോറിട്ടി

ശാസ്താംകോട്ട