 
കരുനാഗപ്പള്ളി: കരുനാഗപ്പള്ളി കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ എത്തുന്ന യാത്രക്കാർക്ക് മൂത്ര ശങ്ക പരിഹരിക്കാൻ മാർഗമില്ലാതെ വലയുന്നു. ഡിപ്പോയിലെ മൂത്രപ്പുരയുടെ മുന്നിൽ എത്തുമ്പോഴാണ് മുറി പൂട്ടിയിട്ടിരിക്കുന്നത് യാത്രക്കാരുടെ ശ്രദ്ധയിൽ പെടുന്നത്. തിരികെ പോരുകയല്ലാതെ മറ്റ് വഴിയില്ല. കഴിഞ്ഞ ഒരു മാസമായി ഡിപ്പോയിലെ യാത്രക്കാർ ബുദ്ധിമുട്ടുകയാണ്. സ്ത്രീകളാണ് ഏറെ വലയുന്നത്. ബദൽ സംവിധാനം ഒരുക്കുന്നതിൽ ബന്ധപ്പെട്ട അധികൃതർ ശ്രദ്ധിക്കുന്നില്ലെന്ന പാരാതിയും വ്യാപകമാണ്.
കരാറുകാരൻ മുങ്ങി , മൂത്രപ്പുര പൂട്ടി
പേ ആൻഡ് യൂസ് വ്യവസ്ഥയിൽ കരാറുകാരനാണ് ഡിപ്പോയിലെ ടൊയ്ലെറ്റ് നടത്തുന്നത്. ഒരു വർഷത്തേക്കാണ് കരാറ് നൽകിയിട്ടുള്ളത്. ഈ കാലവധിക്കുള്ളിൽ ടൊയ്ലെറ്റിന് ഉണ്ടാകുന്ന അറ്റകുറ്റപ്പണികൾ കരാറുകാരൻ ചെയ്യണമെന്നാണ് വ്യവസ്ഥ. പ്രതിമാസം 20000 രൂപയാണ് കെ.എസ്.ആർ.ടി.സിക്ക് കരാറുകാരൻ അടയ്ക്കേണ്ടത്. കരാർ വ്യവസ്ഥയിലെ പകുതി പണം ആദ്യം അടയ്ക്കണം. ശേഷിക്കുന്ന തുക പിന്നീട് മാസം തോറും അടയ്ത്തണം. കരാർ കലാവധി തീരാൻ ഇനി രണ്ട് മാസം മാത്രമാണ് ശേഷിക്കുന്നത്. ഒരു മാസത്തിന് മുമ്പ് കക്കൂസിന്റെ സെപ്റ്റിക് ടാങ്ക് തകരാറിലായി. വെള്ളം പുറത്തേക്ക് ഒഴുകാൻ തുടങ്ങിയതോടെ യാത്രക്കാരും ജീവനക്കാരും ബുദ്ധിമുട്ടിലായി. പൊട്ടി ഒഴുകുന്ന സെപ്റ്റിക് ടാങ്ക് വൃത്തിയാക്കാനായി കെ.എസ്.ആർ.ടി.സി അധികൃതർ കരാറുകാരന് നോട്ടീസ് നൽകി. നോട്ടീസ് കൈപ്പറ്റിയതല്ലാതെ കരാറുകാരൻ പിന്നീട് ആ വഴിക്ക് വന്നില്ല. ഇതാണ് ഡിപ്പോ അധികൃതരെ ചൊടിപ്പിച്ചത്. യാത്രക്കാർക്ക് ഉപയോഗിക്കാൻ പറ്റാത്ത മൂത്രപ്പുര ഡിപ്പോ അധികൃതർ അടച്ച് പൂട്ടി നോട്ടീസും പതിച്ചു. ഇതൊന്നും അറിയാതെ എത്തുന്ന യാത്രക്കാർ നോട്ടീസ് വായിച്ച് മടങ്ങുകയാണ്.
തുറന്ന് നൽകാൻ നടപടിവേണം
കൊവിഡിന് ശേഷം ഡിപ്പോ സജീവമായതോടെ യാത്രക്കാർ പഴയതു പോലെ എത്തിത്തുടങ്ങി. അതുപോലെ ഡിപ്പോയിൽ 450 ഓളം ജീവനക്കാരുണ്ട്. ഇതിൽ ഓഫീസ് സ്റ്റാഫ് ഓഴികെ മറ്റുള്ളവരെല്ലാം പൊതു മൂത്രപ്പുരയാണ് പ്രാഥമിക ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നത്. യാത്രാരുടെയും ജീവനക്കാരുടെയും ബുദ്ധിമുട്ട് മനസിലാക്കി മൂത്രപ്പുര അറ്റകുറ്റപ്പണി നടത്തി തുറന്ന് നൽകാൻ ബന്ധപ്പെട്ടവർ ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.