adms

കൊല്ലം: രാഷ്ട്രീയ - സാമൂഹ്യ നേതൃത്വം ഭൂപ്രശ്നങ്ങളോട് മുഖം തിരിക്കുന്നുവെന്ന് മുൻ കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരൻ പറഞ്ഞു. ആദിവാസി ദളിത് മുന്നേറ്റ സമിതി (എ.ഡി.എം.എസ്) സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജന്മിത്വത്തിനെതിര പോരാടിയ പ്രസ്ഥാനങ്ങൾ അധികാരത്തിലിരിക്കുന്ന കേരളത്തിൽ വിപരീത ദിശയിലാണ് കാര്യങ്ങൾ പോകുന്നത്. പാവപ്പെട്ടവരോട് ആഭിമുഖ്യം പ്രകടിപ്പിക്കേണ്ട ഭരണകൂടവും പ്രസ്ഥാനങ്ങളും പണക്കാർക്കും കുത്തകകൾക്കും വേണ്ടി പ്രവർത്തിക്കുന്നത് അപമാനകരമാണ്.കുത്തക കമ്പനികൾ കൈയടക്കിയിരിക്കുന്ന അഞ്ചര ലക്ഷം ഏക്കർ ഭൂമി സർക്കാരിന്റേതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. വ്യാജരേഖ ചമച്ചാണ് പല കമ്പനികളും ഭൂമി കൈവശം വച്ചിരിക്കുന്നത്. ഈ കേസുകളിൽ സർക്കാർ അഭിഭാഷകർ ഹാജരാകുന്നില്ല. ഹാജരാകുന്നവർ കേസ് പഠിക്കാറില്ല. അ‌ഞ്ചര ലക്ഷം ഏക്കർ തിരിച്ചു പിടിക്കാനുള്ള കേസിൽ ഹൈക്കോടതിയിൽ സർക്കാർ തോറ്റു കൊടുക്കുകയായിരുന്നു. ജുഡീഷ്യറിയിലും കമ്പനികൾക്ക് ദു:സ്വാധീനമുണ്ടെന്ന് സുധീരൻ പറഞ്ഞു.

സമിതി സംസ്ഥാന പ്രസിഡന്റ് ശ്രീരാമൻ കൊയ്യോൻ അദ്ധ്യക്ഷനായി. എൻ.കെ.പ്രേമചന്ദ്രൻ എം.പി, പ്രമുഖ ഗാന്ധിയനും ഏകത പരിഷത്ത് ദേശീയ അദ്ധ്യക്ഷനുമായ ഡോ. പി.വി. രാജഗോപാൽ, പി.ടി. ജോൺ തുടങ്ങിയവർ സംസാരിച്ചു. ഇന്ന് വൈകിട്ട് 3ന് സമാപന സമ്മേളനം കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്യും.