
ഏരൂർ: കുടുംബ വഴക്കിനെ തുടർന്ന് അയിലറയിൽ വീട്ടമ്മ തീകൊളുത്തി മരിച്ചു. ഹൈസ്കൂൾ ജംഗ്ഷന് സമീപം കൈവല്യയിൽ സംഗീതയാണ് (42) മരിച്ചത്. ചൊവ്വാഴ്ച രാത്രി 10.30ഓടെയാണ് സംഭവം.
നിലവിളി കേട്ടെത്തിയ സംഗീതയുടെ മകനും ബന്ധുക്കളും ചേർന്ന് തീയണച്ച് ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുടുംബ വഴക്കാണ് തീ കൊളുത്താൻ കാരണമെന്ന സംഗീതയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഭർത്താവ് ഹരികുമാറിനെ ഏരൂർ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഹരികുമാർ വീട്ടിൽ നിരന്തരം വഴക്കിട്ടിരുന്നതായി സമീപവാസികൾ പറയുന്നു. ഇത് സംബന്ധിച്ച് നേരത്തെ പൊലീസ് സ്റ്റേഷനിൽ പരാതിയുള്ളതാണ്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. വിരലടയാള വിദഗ്ദ്ധരും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി.