കുന്നിക്കോട് : കാൽനടക്കാരിയായ വീട്ടമ്മയോട് വിലാസം തിരക്കിയ സ്കൂട്ടർ യാത്രികൻ അവരുടെ രണ്ടരപവന്റെ മാലയുമായി കടന്നു. വിളക്കുടി കുളപ്പുറം വിജിത് ഭവനിൽ ഷൈലജ കുമാരിയുടെ മാലയാണ് കവർന്നത്. ചെവ്വാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ വിളക്കുടി ഗവ.എൽ.പി. സ്കൂളിന്റെ സമീപത്തായിരുന്നു സംഭവം.
വിളക്കുടിയിൽ നിന്ന് ആവണീശ്വരം റെയിൽവേ സ്റ്റേഷൻ റോഡിലൂടെ വീട്ടിലേക്ക് നടന്ന് പോവുകയായിരുന്നു ഷൈലജ. പിന്നിൽ നിന്ന് വന്ന സ്കൂട്ടർ യാത്രികൾ കുറച്ച് മുമ്പിൽ ചെന്ന് വഴിയിൽ മറ്റ് ആളുകളില്ലെന്ന് ഉറപ്പ് വരുത്തിയ ശേഷം തിരിച്ച് വന്ന് വിലാസം ചോദിച്ച് ശ്രദ്ധ മാറ്റിയ ശേഷം മാല പൊട്ടിച്ച് വിളക്കുടി ഭാഗത്തേക്ക് കടക്കുകയായിരുന്നു എന്നാണ് ഷൈലജ കുന്നിക്കോട് പൊലീസിന് മൊഴി നൽകിയത്.
കുന്നിക്കോട് എസ്.ഐ വൈശാഖ് കൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം സംഭവം നടന്ന സമീപത്തുള്ള വീടുകളിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചു. നീല നിറത്തിലുള്ള സ്കൂട്ടറിൽ മാസ്ക് ധരിച്ചെത്തിയ യുവാവാണ് വീട്ടമ്മയുടെ മാല അപഹരിച്ചതെന്ന് സംശയിക്കുന്നതായി അദ്ദേഹം പറഞ്ഞു. അന്വേഷണത്തിൽ മോഷ്ടാവ് പുനലൂർ ഭാഗത്തേക്ക് പോയ ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.