 
 അവലോകനയോഗം വിളിച്ച് എൻ.കെ. പ്രേമചന്ദ്രൻ എം.പി
കൊല്ലം: കൊല്ലം ലോക്സഭാ മണ്ഡലത്തിലെ റെയിൽവേ മേല്പാലം നിർമ്മാണ പദ്ധതികളുടെ പുരോഗതി വിലയിരുത്താൻ എൻ.കെ. പ്രേമചന്ദ്രൻ എം.പി അവലോകന യോഗം വിളിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ആർ.ഒ.ബി നിർമ്മാണങ്ങൾ ഇഴയുന്നത് ചൂണ്ടിക്കാട്ടി കേരളകൗമുദി തുടർച്ചയായി പ്രസിദ്ധീകരിച്ച വാർത്തകളുടെ പശ്ചാത്തലത്തിലാണ് എം.പിയുടെ ഇടപെടൽ. ലോക്സഭാ മണ്ഡലത്തിലെ ഓരോ ആർ.ഒ.ബിയുടെയും സ്ഥിതി യോഗം വിലയിരുത്തി.
ആശ്രാമം ഗസ്റ്റ് ഹൗസിൽ എൻ.കെ.പ്രേമചന്ദ്രൻ എംപി യുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിൽ പി.സി. വിഷ്ണുനാഥ് എം.എൽ.എ, ദക്ഷിണറയിൽവേ കൺസ്ട്രക്ഷൻ വിഭാഗം സൗത്ത് ചീഫ് എൻജിനീയർ നിരഞ്ജൻ, എൻ.എച്ച്.എ.ഐ പ്രോജക്ട് ഡയറക്ടർ പി. പ്രദീപ്, കെ.ആർ.എഫ്.ഡി ചീഫ് എൻജിനീയർ ഡാർലിൻ ഡിക്രൂസ്, കൺസ്ട്രക്ഷൻ വിഭാഗം ഡെപ്യുട്ടി ചീഫ് എൻജിനീയർ ആർ. ഷാജി റോയി, ഡെപ്യുട്ടി ചീഫ് എൻജിനീയർ എസ്. ചന്ദ്രൻ പ്രകാശ്, കിറ്റ്കോ പ്രോജക്ട് എൻജിനീയർ അരുൺ പ്രതാപ്. കെ.യു, കെ.ആർ.എഫ്.ഡി എ.ഇ.ഇ നിഷ പി.ആർ, ദക്ഷിണ റയിൽവേ വർക്ക്സ് സീനിയർ സെക്ഷൻ എൻജിനീയർ വി. ഗിരീഷ് എന്നിവർ പങ്കെടുത്തു.
കുണ്ടറ പളളിമുക്ക്, കിളികൊല്ലൂർ
കുണ്ടറ പളളിമുക്ക്, കിളികൊല്ലൂർ ലെവൽ ക്രോസുകൾ സൃഷ്ടിക്കുന്ന ഗതാഗത തടസ്സം ഒഴിവാക്കാൻ ഇവിടങ്ങളിൽ ഓവർബ്രിഡ്ജ് നിർമ്മിക്കാനുള്ള പദ്ധതി ത്വരിതപ്പെടുത്താൻ മന്ത്രിതല യോഗം വിളിക്കാൻ തീരുമാനിച്ചു
പളളിമുക്ക് ആർ.ഒ.ബിക്ക് റെയിൽവേ നേരത്തെ അനുമതി നൽകിയിരുന്നു. ആർ.ബി.ഡി.സികെ സമർപ്പിച്ച ജി.എ.ഡി (ജനറൽ അറേയ്ഞ്ച്മെന്റ് ഡ്രായിംഗ് )ക്ക് 2017ൽ റെയിൽവേയുടെ അനുമതി ലഭിച്ചു. 39.86 കോടി രൂപയുടെ ഭരണാനുമതി നൽകി നിർമ്മാണ ചുമതല ആർ.ബി.ഡി.സി.കെയെ ഏൽപ്പിച്ചു. ഭൂമി ഏറ്റെടുക്കൽ നടപടി ആരംഭിക്കാനിരിക്കെ സംസ്ഥാന സർക്കാർ പള്ളിമുക്ക് ഫ്ളൈ ഓഫർ ഉൾപ്പെടെയുളള നിർമ്മാണ പ്രവർത്തനങ്ങൾ കിഫ്ബിയിൽ ഉൾപ്പെടുത്തി മറ്റൊരു ഭരണാനുമതിയും നൽകി, ചുമതല കേരള റോഡ് ഫണ്ട് ബോർഡിന് ഏൽപ്പിച്ചു. പള്ളിമുക്ക് ഓവർ ബ്രിഡ്ജിന് പ്രത്യേക ഭരണാനുമതിയോ പണമോ അനുവദിക്കാത്തതിനാൽ നിർമ്മാണം വഴിമുട്ടിനിൽക്കുകയാണ്. ഇളമ്പള്ളൂർ ആർ.ഒ.ബിയുടെ ജി.എ.ഡിയും റെയിൽവേക്ക് നൽകിയിട്ടില്ല. നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കാൻ റെയിൽവേ തയ്യാറാണെന്നും സംസ്ഥാന സർക്കാർ ചുമതലപ്പെടുത്തുന്ന ഏജൻസി ജി.എ.ഡി സമർപ്പിക്കാത്തതാണ് കാലതാമസത്തിന് കാരണമെന്നും റയിൽവേ കൺസ്ട്രക്ഷൻ വിഭാഗം ചീഫ് എൻജിനീയർ അറിയിച്ചു.
ഇരവിപുരം
റെയിൽവേ ലൈനിന്റെ മുകളിൽ റെയിൽവേയുടെ ചെലവിൽ നിർമ്മിക്കുന്ന പാലത്തിന്റെ നിർമ്മാണത്തിനുളള ടെണ്ടർ ഈ ആഴ്ച വിളിക്കും. ഒരു വർഷത്തിനുളളിൽ നിർമ്മാണം പൂർത്തിയാക്കി കമ്മിഷൻ ചെയ്യുകയാണ് ലക്ഷ്യം
കൂട്ടിക്കട
ജി.എ.ഡി അംഗീകാരത്തിനുളള അന്തിമഘട്ടത്തിലാണ്. കൺസ്ട്രക്ഷൻ വിഭാഗവും തിരുവനന്തപുരം റയിൽവേ ഡിവിഷനും അംഗീകരിച്ച ജി.എ.ഡി ദക്ഷിണ റെയിൽവേയുടെ അന്തിമ അംഗീകാരത്തിനായി സമർപ്പിച്ചു.
കല്ലുന്താഴം
ജി.എ.ഡിക്ക് നാലു മാസത്തിനുളളിൽ അനുമതി നൽകും. കൺസ്ട്രക്ഷൻ വിഭാഗത്തിന്റെ അംഗീകാരത്തോടെ ഫീൽഡ് വെരിഫിക്കേഷനായി സമർപ്പിച്ചിരിക്കുകയാണ്.
എസ്.എൻ കോളേജ്
ജി.എ.ഡി കൺസ്ട്രക്ഷൻ വിഭാഗത്തിന്റെ പരിശോധനയ്ക്ക് ശേഷം കൂടുതൽ റിപ്പോർട്ടിനായി തിരികെ ആർ.ബി.ഡി.സി.കെയ്ക്ക് നൽകി.
പോളയത്തോട്
ജി.എ.ഡിക്ക് അംഗീകാരം ലഭിച്ചു. സ്ഥലമേറ്റെടുപ്പ് പൂർത്തിയാക്കി നിർമ്മാണം ആരംഭിക്കാം.