31.40 ലക്ഷം രൂപയുടെ നവീകരണം
കൊല്ലം: പുത്തൂർ പാണ്ടറ ചിറയുടെ നവീകരണം തുടങ്ങി. ചിറയ്ക്കുള്ളിൽ മണ്ണുമാന്തി യന്ത്രമിറക്കി ചെളി കോരി മാറ്റുന്ന ജോലികളാണ് തുടങ്ങിയത്. പായൽ മൂടി നശിച്ച ചിറ ജില്ലാ പഞ്ചായത്തിന്റെ സുജലം പദ്ധതിയിൽ ഉൾപ്പെടുത്തി 31.40 ലക്ഷം രൂപ ഉപയോഗിച്ചാണ് നവീകരിക്കുന്നത്. ഏപ്രിൽ 7ന് നവീകരണ പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.സുമാലാൽ നിർവഹിച്ചിരുന്നുവെങ്കിലും നിർമ്മാണ ജോലികൾ തുടങ്ങിയിരുന്നില്ല. മഴ മാറി നിന്നതിനാലാണ് ഇപ്പോൾ നിർമ്മാണം തുടങ്ങിയത്. വെള്ളം വറ്റിച്ച് ചെളി കോരി മാറ്റാനാണ് തീരുമാനം. വശങ്ങളിലെ കുറ്റിക്കാടുകളും വെട്ടിത്തെളിക്കുന്നുണ്ട്. തുടർന്ന് തകർച്ചയിലായ സംരക്ഷണ ഭിത്തികൾ പുനർനിർമ്മിക്കും. കരവെള്ളം ചിറയിലേക്ക് ഇറങ്ങാത്തവിധം ഉയർത്തിക്കെട്ടും. സോയിൽ കൺസർവേഷൻ ഓഫീസിനാണ് നിർമ്മാണ ചുമതല.
ചിറയുടെ മുഖശ്രീ തെളിയും
കൊട്ടാരക്കര- പുത്തൂർ റോഡരികിലായി നെടുവത്തൂർ പഞ്ചായത്തിലെ കരുവായം വാർഡിലാണ് പാണ്ടറ ചിറ സ്ഥിതി ചെയ്യുന്നത്. ഏറെക്കാലമായി നശിച്ചുകിടന്ന ചിറ നവീകരിക്കുന്നതോടെ ചിറയുടെയും ഒപ്പം നാടിന്റെയും മുഖശ്രീ തെളിയും. നാല് വശങ്ങളിലും ടൈൽ പാകിയ നടപ്പാത ഒരുക്കും. അലങ്കാര കൗതുകങ്ങളും പൂച്ചെടികളും വച്ച് നാല് ചുറ്റും മനോഹരമാക്കും. ജി.ഐ പൈപ്പുകൾ ഉപയോഗിച്ച് സംരക്ഷണ വേലി കെട്ടിത്തിരിക്കും. കുളിക്കടവ് നവീകരിക്കും. നീന്തൽക്കുളമായി മാറുന്ന വിധത്തിലാണ് നവീകരണം നടത്തുക. കനത്ത മഴയില്ലെങ്കിൽ മൂന്ന് മാസംകൊണ്ട് നിർമ്മാണ ജോലികൾ പൂർത്തിയാകും.
ചിറയുടെ നവീകരണം പൂർത്തിയാകുമ്പോൾ ഇതിന്റെ വശങ്ങളിലായി സായന്തനങ്ങൾ ചെലവഴിക്കാനുള്ള പാർക്കും നിർമ്മിക്കും
- വി.സുമാലാൽ, വൈസ് പ്രസിഡന്റ്, ജില്ലാ പഞ്ചായത്ത്