പടിഞ്ഞാറേകല്ലട: സ്കൂൾ അദ്ധ്യയന വർഷം ആരംഭിച്ചതിന്റെ ഭാഗമായി കുന്നത്തൂർ താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ മോട്ടോർ വാഹന വകുപ്പ് പരിശോധന കർശനമാക്കി. കഴിഞ്ഞദിവസം ഭരണിക്കാവ് , നെടിയവിള , തുരുത്തിക്കര , തുടങ്ങിയ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ 22 കേസുകളിൽ നിന്നായി 74,000 രൂപ പിഴ ഈടാക്കി. ഡ്രൈവിംഗ് ലൈസൻസ് , ഇൻഷ്വറൻസ് എന്നിവ ഇല്ലാതെയും ടാക്സ് അടയ്ക്കാതെയും സർവീസ് നടത്തിയവർക്കെതിരെയും ഇരു ചക്ര വാഹനങ്ങളിൽ അപകടകരമായ രീതിയിൽ ആൾക്കാരെ കയറ്റി വാഹനമോടിച്ചവർ, മൊബൈൽ ഫോണിൽ സംസാരിച്ച് വാഹനമോടിച്ചവർ തുടങ്ങിയവർക്കെതിരെയാണ് കേസെടുത്തത്.കുന്നത്തൂർ ജോയിന്റ് ആർ.ടി.ഒ ആർ. ശരത്ചന്ദ്രന്റെ നിർദ്ദേശപ്രകാരം നടന്ന വാഹനപരിശോധനയിൽ എ. എം.വി.ഐമാരായ പി. ഷിജു, അയ്യപ്പദാസ് ,അനസ് മുഹമ്മദ് .എന്നിവർ പങ്കെടുത്തു . വരും ദിവസങ്ങളിലും പരിശോധന കർശനമാക്കുമെന്ന് ജോയിന്റ് ആർ.ടി.ഒ അറിയിച്ചു.