chavara-photo
റോഡിൽ നിന്ന് ഉയർന്നുനിൽക്കുന്ന കലുങ്ക്

ചവറ : ചവറ വൈങ്ങേലിമുക്കിലെ കലുങ്ക് നിർമ്മാണത്തിലെ അപാകത പരിഹരിക്കാത്തത് നാട്ടുകാർക്ക്‌ തലവേദനയായി. വൈങ്ങേലിമുക്കിനും ചെക്കാട്ടുമുക്കിനുമിടയിലെ റോഡിലെ കലുങ്കാണ് നാട്ടുകാർക്ക്‌ തീരാദുരിതമായിരിക്കുന്നത്. നിർമ്മാണത്തിലെ അപാകത പരിഹരിച്ച് ഗതാഗതം പുനസ്ഥാപിക്കാൻ അധികൃതർ നടപടിയെടുക്കാത്തതിനാൽ സ്കൂളിൽ പോകുന്ന വിദ്യാർത്ഥികളും വാഹനയാത്രികരും വല്ലാതെ ബുദ്ധിമുട്ടുകയാണ്. സ്കൂൾ ബസുകൾ വഴിമാറിപ്പോകുന്നതിനാൽ മാതാപിതാക്കൾ തന്നെ കുട്ടികളെ സ്കൂളിലെത്തിക്കേണ്ട അവസ്ഥയുണ്ട്.

കലുങ്ക് നിർമ്മാണം ഏതാണ്ട് പൂർത്തിയായെങ്കിലും അത് റോഡിൽ നിന്ന് ഒന്നരയടിയോളം ഉയർന്നുനിൽക്കുന്നതാണ് ഇപ്പോഴത്തെ പ്രശ്നം. ഇതുകാരണം രാത്രിയിൽ വാഹനങ്ങൾ അപകടത്തിൽപ്പെടുന്നതും പതിവാണ്. എത്രയും വേഗം റോഡ് ഗതാഗതയോഗ്യമാക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.