photo
കെ.എസ്.ആർ.ടി.സി കരുനാഗപ്പള്ളി ഡിപ്പോ.

കരുനാഗപ്പള്ളി: കൊവിഡിൽ നിന്ന് നാട് മുക്തമായതോടെ കരുനാഗപ്പള്ളി കെ.എസ്.ആർ.ടി.സി ഡിപ്പോയ്ക്ക് നല്ല കാലം പിറന്നു.

ഡിപ്പോയിലെ ജീവനക്കാർ ഒറ്റക്കെട്ടായി രംഗത്തിറങ്ങിയപ്പോൾ വരുമാനമായി വന്നത് ലക്ഷങ്ങൾ. 9.50 ലക്ഷമായിരുന്നു

കഴിഞ്ഞ ദിവസത്തെ ഡിപ്പോവരുമാനം.

14 ഫാസ്റ്റ് പാസഞ്ചർ ബസുകളും ചെയിൻ സർവീസ് ഉൾപ്പെടെ 48 ഓർഡിനറി ബസുകളുമാണ് ഈ ഡിപ്പോയിൽ നിന്ന് സർവീസ് നടത്തുന്നത്. അതിൽ കരുനാഗപ്പള്ളി- പാരിപ്പള്ളി, കരുനാഗപ്പള്ളി - കൊല്ലം- കൊട്ടാരക്കര, കരുനാഗപ്പള്ളി - പുത്തൂർ- കൊട്ടാരക്കര ചെയിൻ സർവീസുകളാണ് ഏറ്റവും കൂടുതൽ വരുമാനം കൊണ്ടുവന്നത്. ഇത് ഉൾപ്പടെ ഓർഡിനറി സർവീസുകളിൽ നിന്നായി ഏഴ് ലക്ഷത്തോളം രൂപ ഒറ്റദിവസം ലഭിക്കുന്നുണ്ട്. ഫാസ്റ്റ് പാസഞ്ചർ സർവീസുകളിൽ നിന്നാണ് ശേഷിക്കുന്ന തുക വരുന്നത്.

വരുമാനം താഴേക്ക് പോകാതിരിക്കാനുള്ള അശ്രാന്ത പരിശ്രമത്തിലാണ് ഇപ്പോൾ

ജീവനക്കാർ. സ്കൂളുകൾ തുറന്നതോടെ വരുമാനത്തിൽ ഇനിയും വർദ്ധനയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് അവർ.

പാർട്സ് കിട്ടിയിരുന്നെങ്കിൽ...

92 ഷെഡ്യൂളുകളുമായി സർവീസ് ആരംഭിച്ച ഡിപ്പോയിൽ ഇപ്പോഴുള്ളത് 62 എണ്ണമാണ്. ബസുകൾ കട്ടപ്പുറത്തായതും ആവശ്യത്തിന് ജീവനക്കാരില്ലാത്തതുമാണ് ഷെഡ്യൂളുകൾ കുറയാൻ കാരണം.10 ബസും അതിന് ആവശ്യമായ ജീവനക്കാരേയും ലഭിച്ചാൽ ഡിപ്പോ വരുമാനം ഇനിയും കൂട്ടാൻ കഴിയുമെന്ന ആത്മവിശ്വാസം ജീവനക്കാർക്കുണ്ട്. ഇതിനായി ചീഫ് ഓഫീസിൽ അപേക്ഷയും നൽകി കാത്തിരിക്കാൻ തുടങ്ങിയിട്ട് മാസങ്ങളായി.

യഥാസമയം സ്പെയർ പാർട്സ് ലഭിക്കാത്തതിനാൽ കട്ടപ്പുറത്തെ ബസുകൾ നിരത്തിലിറക്കാൻ കഴിയാത്ത സ്ഥിതിയും ഡിപ്പോയിലുണ്ട്. കെ.എസ്.ആർ.ടി.സി യുടെ ജില്ലാ സെൻട്രൽ പൂളിൽ നിന്നാണ് സബ് ഡിപ്പോകൾക്ക് സ്പെയർ പാട്സുകൾ നൽകുന്നത്. ഇതിന് വേഗത ലഭിച്ചാൽ അറ്റകുറ്റപ്പണി നടത്തി കൂടുതൽ ബസുകൾ റോഡിലിറക്കാൻ കഴിയും.

സൗത്തിൽ നമ്പർ വൺ

കെ.എസ്.ആർ.ടി.സി സൗത്ത് സോണിൽ ഏറ്റവും കൂടുതൽ വരുമാനമുള്ള ഡിപ്പോയാണ് കരുനാഗപ്പള്ളി. കൊല്ലം, ചാത്തന്നൂർ, കൊട്ടാരക്കര, പുനലൂർ, നെയ്യാറ്റിൻകര, നെടുമങ്ങാട്, പേരൂർക്കട, തിരുവനന്തപുരം സിറ്റി, വികാസ് ഭവൻ, വിതുര, വെള്ളറട, കണിയാപുരം, ആറ്റിങ്ങൽ എന്നിവയാണ് സൗത്ത് സോണിലെ മറ്റ് ഡിപ്പോകൾ.

രാത്രിയിലും ബസ് വേണം

സന്ധ്യകഴിഞ്ഞാൽ ഉൾപ്രദേശങ്ങളിലേക്ക് ബസ് ഇല്ല എന്നതാണ് ഇപ്പോൾ നാട്ടുകാർ നേരിടുന്ന പ്രധാന പ്രശ്നം. കരുനാഗപ്പള്ളി നഗരത്തിലെ കടകളിൽ നിന്ന് ജോലി കഴിഞ്ഞെത്തുന്നവർ കെ.എസ്.ആർ.ടി.സി ബസുകളെയാണ് ആശ്രയിക്കുന്നത്. ഇതിൽ അധികവും സ്ത്രീകളാണ്. അഴീക്കൽ ശാസ്താംകോട്ട, തെക്കുംഭാഗം എന്നിവിടങ്ങളിലേയ്ക്ക് ധാരാളം യാത്രക്കാരെ കിട്ടും. അതിനാൽ

വരുമാനത്തിന്റെ ഏറ്റക്കുറച്ചിൽ നോക്കാതെ ഉൾപ്രദേശങ്ങളിലേക്ക് രാത്രിയിൽ സർവീസ് നടത്തണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.