കൊല്ലം: പരിഹാരമില്ലാത്ത, കൊല്ലത്തെ മാലിന്യ കാഴ്ചകൾക്കു മീതേ വീണ്ടുമൊരു പരിസ്ഥിതിദിനം. കായലും പുഴകളും ചെറുതോടുകളും പൊതുസ്ഥലങ്ങളുമെല്ലാം മാലിന്യം നിറയുകയാണ്. പ്ലാസ്റ്റിക് ഉൾപ്പെടെ മാലിന്യങ്ങൾ പൊതുസ്ഥലങ്ങളിൽ തള്ളുന്നതിൽ മത്സരിക്കുകയാണ് നഗരവാസികൾ.

അഷ്ടമുടി കായലിന്റെ പുനരുജ്ജീവനത്തിനായി ഒരു ഡസനോളം പദ്ധതികളെങ്കിലും ആവിഷ്കരിച്ചിട്ടുണ്ട്. കായൽ ശുചീകരണത്തിനായി അതോറിട്ടി, നിരീക്ഷണ സമിതി, മഴ മനുഷ്യന്റെ കായൽ യാത്ര തുടങ്ങി നിരവധി പ്രവർത്തനങ്ങൾ ഉണ്ടായെങ്കിലും കായലിൽ മാലിന്യം തളളുന്നതിന് കുറവുണ്ടായില്ല. വീടുകളിൽ നിന്നുളള കക്കൂസ് മാലിന്യങ്ങൾ വരെ കായലിൽ എത്തുന്നു. കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപം കായലിൽ മാലിന്യം നിറഞ്ഞ് വെളളത്തിന് കറുപ്പ് നിറമായി. കൊല്ലം ബീച്ചിലും ഹാർബറുകളിലുമൊക്കെ മാലിന്യം കുന്നുകൂടുന്നു. ചിന്നക്കടയിലും ഫാത്തിമ മാതാ കോളേജിനു സമീപവും റെയിൽവേ ഭൂമി മാലിന്യകൂമ്പാരമായി. അതീവ പാരിസ്ഥിതിക പ്രാധാന്യമാർന്ന ആശ്രാമം പോലും മാലിന്യ മുക്തമല്ല.

# പിഴവുകളേറെ

 മാലിന്യ സംസ്കരണ സംവിധാനങ്ങൾ ഫലപ്രദമല്ല

 ഉപയോഗശൂന്യമായ എയ്റോബിക് കമ്പോസ്റ്റ് യൂണിറ്റുകൾ

 5 വർഷമെന്ന കാലാവധി കഴിഞ്ഞിട്ടും അറ്റകുറ്റപ്പണി ഇല്ല

 2 വർഷം മുൻപ് സ്ഥാപിച്ച എം.സി.എഫ്.എല്ലുകൾ മാലിന്യ ശേഖരണമില്ലാതെ തുരുമ്പിക്കുന്നു

..........................................

 എയ്റോബിക് കമ്പോസ്റ്റ് യൂണിറ്റുകൾ: 28

 ബയോ ബിന്നുകൾ: 2,00,000

 എം.സി.എഫ്.എല്ലുകൾ: 200

 ഹരിതകർമ്മ സേന പ്രവർത്തകർ: 21

# വേണം മാലിന്യ സംസ്കരണം

മാലിന്യത്തിൽ നിന്ന് ബയോഗ്യാസ് ഉത്പാദിപ്പിക്കുന്ന കേന്ദ്രീകൃത മാലിന്യ സംസ്കരണ പദ്ധതിയാണ് ആകെ പ്രതീക്ഷ. ദിവസം 200 ടൺ മാലിന്യം സംസ്കരിക്കാവുന്ന പദ്ധതിക്ക് 140 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. മാലന്യം വീടുകളിൽ നിന്ന് നേരിട്ട് ശേഖരിച്ച് പ്ളാന്റിൽ എത്തിച്ച് ബയോ ഗ്യാസ് ഉത്പാദിപ്പിച്ച് ഐ.ഒ.സിക്ക് വിൽക്കുന്നതാണ് പദ്ധതി.