
കൊല്ലം: കൊട്ടാരക്കരയ്ക്കടുത്ത് വെണ്ടാറിൽ ഒരേക്കറോളം വിസ്തൃതിയിൽ നിറഞ്ഞു നിൽക്കുന്ന വെള്ള പൈൻമരക്കാവ് സഞ്ചാരികളെ ആകർഷിക്കുന്നതിനൊപ്പം വിസ്മയവുമാവുന്നു. വെണ്ടാർ സ്‌കൂൾ ജംഗ്ഷനിൽ നിന്ന് സുബ്രഹ്മണ്യ ക്ഷേത്രത്തിലേക്ക് തിരിയുന്നിടത്താണ് കാവ്.
ഇരുന്നൂറിലധികം പൈൻ മരങ്ങളാണ് കാവിലുള്ളത്. തൊട്ടടുത്തുള്ള പറമ്പുകളുടെ ഉടമസ്ഥർ പൈൻമരങ്ങൾ നട്ടുപിടിപ്പിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. കാവിനോട് ചേർന്ന് ദേവീക്ഷേത്രവുമുണ്ട്. നൂറ് വർഷമെങ്കിലും പ്രായമായ പൈൻമരങ്ങൾ വരെയുണ്ട്. മൂന്നുപേർ ചേർന്ന് പിടിച്ചാലും പിടിമുറ്റാത്ത മരങ്ങളും ഏറെ.
പശ്ചിമഘട്ട മഴക്കാടുകളിൽ സമൃദ്ധമായി വളരുന്ന ഇവ വെണ്ടാറിൽ എങ്ങനെ വന്നുവെന്ന് ആർക്കും നിശ്ചയമില്ല. പണ്ട് ഇവിടെ സന്യാസിമാർ താമസിച്ചിരുന്നെന്നും അവർ നട്ടുവളർത്തിയതാവാമെന്നുമാണ് വിശ്വാസം.
പൈൻ മരങ്ങൾക്ക് ചുറ്റും കുറ്റിക്കാടല്ലാതെ മറ്റു മരങ്ങളൊന്നും വളരാറില്ല. ഇവയുടെ തൊലി പൊട്ടിയൊലിച്ചുണ്ടാകുന്ന റെസിൻ സംസ്‌കരിച്ചാണ് കുന്തിരിക്കം ഉണ്ടാക്കുന്നത്. പഴയ കാലത്ത് മുറിവുണക്കാനുള്ള മരുന്നായി ദ്രാവകം ഉപയോഗിച്ചിരുന്നു. കാവിലെത്തുന്നവർ ഇത് ശേഖരിക്കാറുണ്ട്.
വെള്ള കുന്തിരിക്കം
വെള്ളപൈൻ എന്നും വെള്ള കുന്തിരിക്കം എന്നും വിളിക്കാറുണ്ട്. വറ്റീരിയ ഇൻഡിക്ക എന്നാണ് ശാസ്ത്രനാമം. കേരള - കർണാടക അതിർത്തിയിലെ സുള്യ, കുടക്, ശൃംഗേരി, ആഗുംബെ, കുതരമുഖ് എന്നിവിടങ്ങളിലും ഇവ ധാരാളമായി കണ്ടുവരുന്നു.
എണ്ണ ഭക്ഷ്യയോഗ്യം
 മരത്തിന് 40- 60 മീറ്ററോളം ഉയരമുണ്ടാവും
 തായ് വൃക്ഷത്തിന്റെ ചുവട്ടിൽ ധാരാളം തൈകൾ വളരും
 കായയിൽ നിന്ന് വേർതിരിച്ചെടുക്കുന്ന എണ്ണ ഭക്ഷ്യയോഗ്യം
 വൃക്ഷത്തിന്റെ കറയിൽ നിന്ന് കിട്ടുന്ന കുന്തിരിക്കം പുകയ്ക്കാനും മരുന്നായും
വാർണിഷ് ഉണ്ടാക്കാനും ഉപയോഗിക്കുന്നു
 ജനുവരി - മാർച്ച് മാസങ്ങളിൽ മരങ്ങൾ പുഷ്പിക്കും
 പൂക്കൾക്ക് വെള്ള നിറം
 വംശനാശം നേരിടുന്നതിനാൽ കർണാടകയിൽ മൂന്നുലക്ഷം തൈകൾ വരെ പ്രതിവർഷം ഉത്പാദിപ്പിക്കുന്നു
കാവിന്റെയും മരങ്ങളുടെയും സംരക്ഷണത്തിനായി ജൈവവേലി സ്ഥാപിക്കാൻ വനംവകുപ്പ് രണ്ടു ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.
രാധാകൃഷ്ണപിള്ള, പ്രസിഡന്റ്, വെണ്ടാർ എൻ.എസ്.എസ് കരയോഗം