കൊല്ലം: സി.പി.ഐ സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രകടനത്തിൽ പങ്കെടുത്താത്തതിന്റെ വൈരാഗ്യത്തിൽ കൊല്ലം കോർപ്പറേഷനിലെ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾക്ക് തൊഴിൽ നിഷേധിച്ചെന്നു പരാതി. വടക്കുംഭാഗം ഡിവിഷനിലെ 16 തൊഴിലാളികളാണ് പരാതിയുമായി കോർപ്പറേഷൻ സെക്രട്ടറിയെ സമീപിച്ചത്. സംഭവത്തിൽ പ്രതിഷേധിച്ച് ബി.ജെ.പി പ്രവർത്തകർ നഗരസഭ സെക്രട്ടറിയെ ഉപരോധിച്ചു.

വടക്കുംഭാഗം ഡിവിഷനിലെ തൊഴിലുറപ്പ് തൊഴിലാളികളെ മഴക്കാലം പൂർവ ശുചീകരണത്തിന്റെ ഭാഗമായി ഹരിശ്രീ നഗറിലെ ഓട വൃത്തിയാക്കാൻ വ്യാഴാഴ്ച നിയോഗിച്ചിരുന്നു. ജോലി തീരാതിരുന്നതിനാൽ ഇന്നലെ രാവിലെ സ്ഥലത്തെത്തിയ തൊഴിലാളികളെ ജോലിയില്ലെന്നു പറഞ്ഞ് തിരിച്ചയയ്ക്കുകയായിരുന്നു. ഏതെങ്കിലും ദിവസം ജോലി മുടങ്ങിയാൽ തലേദിവസം അറിയിക്കണമെന്ന് ചട്ടമുണ്ട്. ഇത് പാലിച്ചില്ലെന്ന് ആരോപിച്ചാണ് തൊഴിലാളികൾ സെക്രട്ടറിയെ സമീപിച്ചത്.

വ്യാഴാഴ്ച വൈകിട്ട് നടന്ന സി.പി.ഐയുടെ പരിപാടിയിൽ പങ്കെടുക്കണമെന്ന് പ്രാദേശിക നേതാവ് തങ്ങളോട് നിർദ്ദേശിച്ചിരുന്നെന്നും എത്താതിരുന്നതിന്റെ വൈരാഗ്യത്തിൽ ബോധപൂർവം തൊഴിൽ നിഷേധിക്കുകയായിരുന്നെന്നും തൊഴിലാളികൾ പറഞ്ഞു. ഉപരോധ സമരത്തിന് കോർപ്പറേഷൻ ബി.ജെ.പി പാർലമെന്ററി പാർട്ടി നേതാവ് ടി.ജി. ഗിരീഷ്, മണ്ഡലം പ്രസിഡന്റ് മോൻസി ദാസ്, ജനറൽ സെക്രട്ടറിമാരായ പ്രണവ് താമരക്കുളം, കെ. നാരായണൻകുട്ടി, സജു, അഭിഷേക് മുണ്ടയ്ക്കൽ, നേതാക്കളായ ജെയിംസ് മുത്തക്കര, ഗമേഷ്, ഷിബു എന്നിവർ നേതൃത്വം നൽകി. ഇനി തൊഴിൽനിഷേധം ഉണ്ടാകില്ലെന്ന് സെക്രട്ടറി ഉറപ്പ് നൽകിയതിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്.