പരവൂർ: നഗരത്തിലെ വാഹനത്തിരക്കൊഴിവാക്കാനുള്ള ഗതാഗത പരിഷ്കരണം ഇന്ന് ആരംഭിക്കും. പാർക്കിംഗ് നിയന്ത്രിച്ചും വൺവേ സമ്പ്രദായം കർശനമാക്കിയുമാണ് പരിഷ്കരണം നടപ്പാക്കുന്നത്.
പ്രധാനമായും 18 തീരുമാനങ്ങളാണ് ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി നടപ്പാക്കാനുദ്ദേശിക്കുന്നത്. ബസ് സ്റ്റാൻഡിലെ അനധികൃത പാർക്കിംഗും മാറ്റുവാഹനങ്ങൾ സ്റ്റാൻഡിലൂടെ കടന്നുപോകുന്നതും തടയും. സ്റ്റാൻഡ് മുതൽ ട്രാഫിക്ക് ഐലൻഡ് വരെയുള്ള ഭാഗത്ത് ഓട്ടോറിക്ഷ പാർക്കിംഗ് വടക്കുവശത്തു മാത്രമാക്കും. ട്രാഫിക്ക് ഐലൻഡിനു ചുറ്റും വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിക്കില്ല. തെക്കുംഭാഗം റോഡിൽ കിഴക്കുഭാഗത്തുമാത്രം പാർക്കിംഗ് അനുവദിക്കും. മാർക്കറ്റ് റോഡിൽ ട്രാഫിക്ക് ഐലൻഡ് മുതൽ ആക്സിസ് ബാങ്കുവരെ ഓട്ടോ സ്റ്റാൻഡും പാർക്കിംഗും തെക്കു വശത്ത് ക്രമീകരിക്കും. ട്രാഫിക് ഐലൻഡ് മുതൽ മേൽപ്പാലം വരെ റോഡിന്റ പടിഞ്ഞാറുവശത്ത് പാർക്കിംഗ് അനുവദിക്കും. അശോക്‌സിനി ഹൗസിനു മുന്നിലുള്ള ഓട്ടോസ്റ്റാൻഡ് നിലനിറുത്തും അശോക് സിനിഹൗസ് കെ.എച്ച്.എസ് റോഡിൽ പാർക്കിംഗ് നിരോധിച്ചു. റെയിൽവേസ്റ്റേഷൻ റോഡിൽ ലഞ്ച്ഹോം മുതൽ കോട്ടപ്പുറം എൽ.പി.എസ് വാഴിമേൽപ്പാലം വരെ റോഡിന്റെ വലതുവശത്ത് പാർക്കിംഗ് അനുമതി നൽകി.
# പാർക്കിംഗ് നിയന്ത്രണം പ്രധാനം
ബസ് സ്റ്റാൻഡിലെ ഷോപ്പുകളിലേക്കു വരുന്ന വാഹനങ്ങൾക്ക് സ്റ്റാൻഡിന്റെ പിന്നിൽ പാർക്കിംഗ് അനുവദിക്കും
സ്റ്റാൻഡിലേക്കുള്ള ബസുകൾ പൊലീസ് സ്റ്റേഷൻ റോഡിലൂടെ മേൽപ്പാലം വഴി എത്തണം. പുറ്റിങ്ങൽ കിഴക്കേ അൽത്തറയ്ക്കു സമീപം പാർക്കിംഗ് അനുവദിക്കും
ചരക്കുലോറികൾ രാവിലെ 6.30ന് മുമ്പും വൈകിട്ട് 6ന് ശേഷവും ടൗണിൽ ചരക്കിറക്കണം
സി.സി.ടി.വി കണക്ഷൻ പൊലീസ് സ്റ്റേഷനിലേക്കും നൽകും. ട്രാഫിക്ക് ഐലൻഡിൽ ബോർഡുകളും കൊടിതോരണങ്ങളും സ്ഥാപിക്കാൻ അനുവദിക്കില്ല
ഒല്ലാൽ ബൈപാസ് റോഡിലും എസ്.എൻ.വി സമാജം റോഡിലും വൺവേ നടപ്പാക്കും. തിരക്കേറിയ റോഡുകളുടെ വശത്തെ അനധികൃത കടകൾ ഒഴിവാക്കും.
ഗതാഗത ക്രമീകരണത്തിന് കൂടുതൽ ട്രാഫിക് ഉദ്യോഗസ്ഥരെ നിയമിക്കാൻ സിറ്റി പൊലീസ് കമ്മിഷണർക്ക് കത്തുനൽകും
മോട്ടോർവാഹന വകുപ്പിന്റെ മൊബൈൽ എൻഫോഴ്‌സമെന്റ് സ്‌ക്വഡ് ആഴ്ചയിൽ രണ്ടുദിവസം നഗരത്തിൽ പരിശോധന നടത്തും