കൊല്ലം: തൃക്കാക്കരയിൽ പിണറായി വിരുദ്ധ തരംഗമാണ് അലയടിച്ചതെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി. ഭരണപരാജയത്തിന് ജനങ്ങൾ നൽകിയ മറുപടിയാണ് കോൺഗ്രസിനെ വിജയിപ്പിച്ചത്.
മതപരവും സാമുദായികവുമായ വിഭാഗീയത വളർത്തി രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള സി.പി.എമ്മിന്റെ രാഷ്ട്രീയ അടവുനയത്തിനേറ്റ പ്രഹരമാണിത്.
മുഖ്യമന്ത്രിയും മന്ത്രിമാരും സി.പി.എം സെക്രട്ടേറിയറ്റും പൊലീസും ഉൾപ്പെടെ അധികാര ദുർവിനിയോഗം നടത്തിയിട്ടും ജനങ്ങൾ കൃത്യമായ മറുപടി നൽകി.
രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷികത്തിന് ജനങ്ങൾ നൽകിയ പ്രോഗ്രസ് റിപ്പോർട്ടാണ് തൃക്കാക്കര വിധി. കെ-റെയിൽ ഉൾപ്പെടെയുള്ള ജനവിരുദ്ധ വികസന നയത്തിനെതിരായ ജനവികാരമാണിത്.
വോട്ടർ പട്ടികയിൽ നിന്ന് അർഹരായവരെ ഒഴിവാക്കിയത് മുതൽ കള്ളവോട്ട് ചെയ്തിട്ടും ജനാധിപത്യത്തെ പരാജയപ്പെടുത്താനായില്ല. ജനവിധിയിൽ നിന്ന് സർക്കാർ പാഠം ഉൾക്കൊള്ളണമെന്നും എം.പി പറഞ്ഞു.