കൊല്ലം: കടലും തീരവും പ്ലാസ്റ്റിക് മുക്തമാക്കുകയെന്ന ലക്ഷ്യത്തോടെ സർക്കാർ നടപ്പാക്കുന്ന 'ശുചിത്വ നഗരം സുന്ദര തീരം' പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം 8ന് വൈകിട്ട് 4.30ന് തങ്കശേരി ബസ് ബേയിൽ മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ നിർവഹിക്കും.

മന്ത്രി കെ.എൻ. ബാലഗോപാൽ അദ്ധ്യക്ഷനാകും. മന്ത്രിമാരായ സജി ചെറിയാൻ, ജെ. ചിഞ്ചു റാണി, എൻ.കെ പ്രേമചന്ദ്രൻ എം.പി, എം.എൽ.എ മാരായ എം.മുകേഷ്, എം.നൗഷാദ്, സുജിത്ത് വിജയൻപിള്ള, ജി.എസ്.ജയലാൽ, സി.ആർ.മഹേഷ്‌, കളക്ടർ അഫ്സാന പർവീൺ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം.കെ.ഡാനിയേൽ തുടങ്ങിയവർ പങ്കെടുക്കുമെന്ന് കോർപ്പറേഷൻ മിനി ഹാളിൽ ചേർന്ന ആലോചന യോഗത്തിൽ മേയർ പ്രസന്ന ഏണസ്റ്റ് അറിയിച്ചു.

മൂന്ന് ഘട്ടങ്ങളായാണ് പദ്ധതി നടപ്പാക്കുന്നത്. കടലോര നടത്തം, 'പ്ലാസ്റ്റിക് മുക്ത തീരം' സന്ദേശത്തോടെ ക്ലാസുകൾ, സെമിനാറുകൾ, നോട്ടീസ് പ്രചരണം, ചിത്രരചന, ക്വിസ് മത്സരങ്ങൾ, ഫ്ലാഷ് മോബ് എന്നിവ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.

പദ്ധതി നടത്തിപ്പിന് മത്സ്യത്തൊഴിലാളികൾ, ബോട്ടുടമകൾ, മറ്റ് സന്നദ്ധ സംഘടനകൾ, രാഷ്ട്രീയ പ്രസ്ഥാനങ്ങൾ, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ, വിവിധ സർക്കാർ വകുപ്പുകൾ എന്നിവയെ ഏകോപിപ്പിച്ചാണ് പ്രവർത്തനം.

പ്രസന്ന ഏണസ്റ്റ്,

മേയർ, കൊല്ലം