കൊല്ലം: കൊട്ടാരക്കരയിലെ സ്വകാര്യ ബസ് സ്റ്റാൻഡിന്റെ ഹൈടെക് സ്വപ്നം ചുവപ്പുനാടയിൽ. നിർമ്മാണോദ്ഘാടനം കഴിഞ്ഞ് മൂന്ന് മാസമെത്തുമ്പോഴും യാതൊരുവിധ നിർമ്മാണവും തുടങ്ങാനായില്ല. മാർച്ച് 12ന് മന്ത്രി കെ.എൻ.ബാലഗോപാലാണ് ബസ് സ്റ്റാൻഡിന്റെ നിർമ്മാണോദ്ഘാടനം നിർവഹിച്ചത്. ഇതിന് മുൻപായി തുടങ്ങിയ ഓട നവീകരണം പൂർത്തിയാക്കിയതുമില്ല. ഓടയിലെ മണ്ണും മാലിന്യവും ആറ് മാസത്തിലധികമായി സ്റ്റാൻഡിന്റെ പ്രവേശന വഴിയോട് ചേർന്ന് കൂട്ടിവച്ചിരിക്കുകയാണ്. ബസുകൾ കടന്നുപോകുന്നതിനും യാത്രക്കാർ നടന്നുപോകുന്നതിനും ഇത് തടസമുണ്ടാക്കുന്നുണ്ട്.
ഒന്നാം ഘട്ടത്തിന് 75 ലക്ഷം
ബസ് സ്റ്റാൻഡ് നിർമ്മാണ പദ്ധതിക്ക് 75 ലക്ഷം രൂപയാണ് ആദ്യഘട്ടമായി അനുവദിച്ചത്. ബസുകളുടെ പാർക്കിംഗ് സ്ഥലം, കാത്തിരിപ്പ് കേന്ദ്രം, കോഫി ഷോപ്പ്, ടൊയ്ലറ്റ് സംവിധാനം, മുലയൂട്ടൽ കേന്ദ്രം, പൊലീസ് എയ്ഡ് പോസ്റ്റ്, കിയോസ്ക്, നടപ്പാത, പ്രവേശന കവാടം, ടാക്സി സ്റ്റാൻഡ് എന്നിവയടക്കമുള്ള സൗകര്യങ്ങളും ഏർപ്പെടുത്തുവാനാണ് ലക്ഷ്യമിടുന്നത്.അന്തർജില്ലാ സർവീസുകളടക്കം നൂറുകണക്കിന് ബസുകൾ വന്നുപോകുന്ന സ്റ്റാൻഡ് പതിറ്റാണ്ടുകളായി ദുരിതാവസ്ഥയിലാണ്.
തുടങ്ങും മുൻപെ വിവാദം
ബസ് സ്റ്റാൻഡ് നിർമ്മാണ പദ്ധതി തുടങ്ങും മുൻപെയാണ് സ്റ്റാൻഡിനുള്ളിലെ ഓട നിർമ്മാണവുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഉടലെടുത്തത്. കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന്റെ പിൻഭാഗത്തുകൂടി സ്വകാര്യ ബസ് സ്റ്റാൻഡ് വഴി കടന്നുപോകുന്ന ഓട നവീകരിക്കാതെയാണ് സ്വകാര്യ കെട്ടിടം ഉടമയെ സഹായിക്കാൻ നഗരസഭ നീങ്ങിയതെന്നായിരുന്നു ആരോപണം. കക്കൂസ് മാലിന്യം ഉൾപ്പടെ ഇതുവഴി പുലമൺ തോട്ടിലെത്തിച്ചേരുമെന്ന തരത്തിൽ പ്രതിഷേധം രൂക്ഷമായതോടെ നിർമ്മാണം മുടങ്ങി. ഇളക്കിയ മൂടികൾ പുന സ്ഥാപിച്ചുവെങ്കിലും ഇവിടെ കൂട്ടിയിട്ട മാലിന്യം നീക്കം ചെയ്തിട്ടില്ല.
മണ്ണു പരിശോധനയുമായി ബന്ധപ്പെട്ട താമസമാണ് നേരിട്ടത്. ഒരാഴ്ചയ്ക്കുള്ളിൽ സ്റ്റാൻഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങാനാകും. എ.ഷാജു, നഗരസഭ ചെയർമാൻ, കൊട്ടാരക്കര