phot
ആര്യങ്കാവിൽ റെയിൽവേ ഉദ്യോഗസ്ഥർ നശിപ്പിച്ച കൃഷികൾ

പുനലൂർ: സർക്കാർ വിലക്ക് ലംഘിച്ച് റെയിൽവേ വീണ്ടും പുറമ്പോക്ക് നിവാസികളുടെ കാർഷിക വിളകൾ വെട്ടി നശിപ്പിച്ചു. കർഷകനെയും സഹായിയെയും ആർ.പി.എഫ് പിടിച്ചുകൊണ്ട് പോയി. ആര്യങ്കാവ് വാണിജ്യനികുതി ചെക്ക്പോസ്റ്റിന് സമീപത്തെ കാർഷിക വിളകളാണ്ചെങ്കോട്ടയിൽ നിന്നെത്തിയ ആർ.പി.എഫ് വെട്ടി നശിപ്പിച്ചതായി പരാതി ഉയർന്നത്. കർഷകനും വയോധികനുമായ ബാഹുലേയനെയും ജോലിക്കാരനായ വസന്തനെയുമാണ് ഉദ്യോഗസ്ഥർ ചെങ്കോട്ടയിൽ കൊണ്ടുപോയത്. പിന്നീട് ബന്ധുക്കളെത്തിയതിനെ തുടർന്ന് വിട്ടയച്ചു. റെയിൽവേ പുറമ്പോക്കിൽ കൃഷി ഇറക്കിയ കുറ്റത്തിനാണ് ബാഹുലേയനെ പിടികൂടിയത്. മാനസിക സംഘ‌ർഷത്തെ തുട

ർന്ന് ഇയാൾ പുനലൂർ ഗവ.താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. തുടർന്ന് മുഖ്യമന്ത്രി, റവന്യൂ മന്ത്രി, സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ, പൊലീസ് തുടങ്ങിയവർക്ക് പരാതി നൽകി.

നിരന്തരം ശല്യം

ആര്യങ്കാവ് പുനലൂർ-ചെങ്കോട്ട റെയിൽവേ പുറമ്പോക്കിൽ നൂറ്റാണ്ടുകളായി താമസിക്കുന്നവരെ കുടി ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് മൂന്ന് മാസം മുമ്പ് റവന്യൂ മന്ത്രി കൊല്ലത്ത് വിളിച്ച് ചേർത്ത യോഗത്തിൽ റെയിൽവേ ഉദ്യേഗസ്ഥർ പങ്കെടുത്തിരുന്നില്ല. വനം, റെയിൽവേ വകുപ്പുകൾ സംയുക്ത പരിശോധന നടത്തിയ ശേഷമേ പുറമ്പോക്ക് ഭൂമിയിൽ കുടി ഒഴിപ്പിക്കൽ അടക്കമുള്ള നീക്കം നടത്താവൂ എന്ന് സർക്കാർ ഉത്തരവ് ഇറക്കിയിരുന്നു. ഇത് ലംഘിച്ചാണ് കൃഷികൾ റെയിൽവേ ഉദ്യോഗസ്ഥർ വെട്ടി നശിപ്പിച്ചത്.വനം വകുപ്പിന്റെ നിയന്ത്രണത്തിലുളള ഭൂമിയാണ് റെയിൽവേക്ക് രാജ ഭരണ കാലത്ത് വിട്ട് നൽകിയത്. റെയിൽവേയുടെ ആവശ്യം കഴിഞ്ഞുളള ഭൂമി തിരികെ നൽകണമെന്നും അന്ന് രാജാവ് വ്യവസ്ഥ ചെയ്തിരുന്നു. എന്നാൽ ശേഷിക്കുന്ന പുറമ്പോക്ക് ഭൂമി വിട്ടു നൽകാതെയാണ് താമസക്കാരെ ഉദ്യോഗസ്ഥർ നിരന്തരം ശല്യം ചെയ്യുന്നത്. നിലവിൽ റെയിൽവേ ട്രാക്ക് ഒഴിച്ചുള്ള ഭൂമി സംരക്ഷിത വനമായിട്ടാണ് വനം വകുപ്പിന്റെ രേഖയിലുളളതെന്ന് ആര്യങ്കാവ് സ്വദേശി വിവരാവകാശ നിയമം അനുസരിച്ച് ഡി.എഫ്.ഒക്ക് നൽകിയ പരാതിയുടെ മറുപടിയിൽ പറയുന്നുണ്ട്.