ചവറ : മത്സ്യഫെഡിന്റെ ശക്തികുളങ്ങര കോമൺ പ്രീപ്രോസസിംഗ് സെന്ററിലെ (സി.പി.സി) സാമ്പത്തിക ക്രമക്കേടിനെക്കുറിച്ച് അന്വേഷിച്ചത് തന്റെ നിർദ്ദേശപ്രകാരമാണെന്നും ഇതിൽ ഒന്നും മറയ്ക്കാനില്ലെന്നും കൂടുതൽ അന്വേഷണം നടക്കുകയാന്നെന്നും ചെയർമാൻ ടി. മനോഹരൻ പറഞ്ഞു.

ക്രമക്കേട് നടത്തിയ സ്ഥിരം ജീവനക്കാരൻ ആദിനാട് സ്വദേശി അനിമോനെ സസ്‌പെന്റുചെയ്യുകയും താത്കാലിക ജീവനക്കാരനായ തങ്കശ്ശേരി സ്വദേശി മഹേഷിനെ പിരിച്ചുവിടുകയും ചെയ്തു.

ക്രമക്കേട് ബോദ്ധ്യമായ ഉടൻ പൊലീസിൽ പരാതി നൽകുകയും വിശദമായി മൊഴിയെടുത്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു. മത്സ്യഫെഡ് ധനവിഭാഗം അകൗണ്ട്സ് ഓഫീസറുടെ നേതൃത്വത്തിലാണ് സി.പി.സിയിലെ കണക്കുകൾ പരിശോധിച്ചത്. അന്തിപ്പച്ച യൂണിറ്റിലെ അംഗങ്ങൾ ക്രമക്കേട് നടത്തിയിട്ടില്ല. അവരിൽ നിന്ന് പണം സ്വീകരിച്ച ജീവനക്കാരാണ് കണക്കിൽ കൃത്രിമം കാട്ടിയതും തുക നിഷേപിക്കാതിരുന്നതും. 2021- 22 സാമ്പത്തിക വർഷം 75 ലക്ഷവും 2018 മുതൽ ഇതുവരെ 93.75 ലക്ഷം രൂപയുടെയും കുറവാണ് കണ്ടെത്തിയിട്ടുള്ളത്.

വിശദമായ അന്വേഷണം നടക്കുന്നതായും കുറ്റക്കാർ എത്ര ഉന്നതരായാലും നിയമത്തിന് മുമ്പിൽ കൊണ്ടുവരുമെന്നും ചെയർമാൻ പറഞ്ഞു.