charamam
മരിച്ച ഹേന

ഓയൂർ: ഓയൂർ കരിങ്ങന്നൂർ ഏഴാം കുറ്റി അശ്വതിയിൽ പ്രേംകുമാറിന്റെയും ഇന്ദിരയുടെയും മകൾ ഹേനയുടെ മരണം ഭർത്താവിന്റെ ക്രൂരമായ പീ‌ഡനം മൂലമെന്ന് ബന്ധുക്കൾ. കഴിഞ്ഞ മാസം 26 നാണ് ഹേനയെ മരിച്ച നിലയിൽ കണ്ടെത്തിയത്. അന്വേഷണത്തിൽ സംഭവം കൊലപാതകമാണന്ന് തെളിഞ്ഞതോടെ ഭർത്താവ് ചേർത്തല തണ്ണീർമുക്കം കാളിക്കളം അനന്തപുരത്ത് അപ്പുക്കുട്ടനെ (50) നെ പൊലീസ് അറസ്റ്റ് ചെയ്തു. ഹേനയെ ഏഴ് മാസം മുൻപാണ് അപ്പുക്കുട്ടൻ വിവാഹം ചെയ്ത്. വൈദ്യം അറിയാവുന്ന ആളെന്ന നിലയിൽ മകളെ സംരക്ഷിക്കും എന്ന ഉറപ്പ് നല്കിയതിനാലാണ് 80 പവൻ സ്ത്രീധനമായി നല്കി വിവാഹം നടത്തിയത്. ഇതോടൊപ്പം മകളുടെ ചെലവിനായി മാസം 15000 രൂപയും നൽകിയിരുന്നു. എന്നാൽ കല്യാണം കഴിഞ്ഞ് ഒരു മാസത്തിനുള്ളിൽ തന്നെ ഹേനയെ ഭർത്താവ് ഉപദ്രവിക്കാൻ തുടങ്ങി. ആ വിവരങ്ങൾ സഹോദരിയോ‌ട് പറഞ്ഞതറിഞ്ഞ് ഹേനയുടെ ഫോൺ അപ്പുക്കുട്ടൻ നശിപ്പിച്ചിരുന്നു. തന്റെ ഫോണിൽ വിളിച്ച് വിവരമറിഞ്ഞാൽ മതിയെന്ന് ഹേനയുടെ വീട്ടുകാരോടും പറഞ്ഞിരുന്നു. ഇതിനിടെ ഹേനയെ ഉപദ്രവിച്ചതിന്റെ ചിത്രങ്ങൾ സഹോദരിക്ക് ലഭിച്ചു. വിവരമറിഞ്ഞ് വീട്ടുകാർ ഹേനയെ കൂട്ടിക്കൊണ്ടുവരുവാൻ പോയെങ്കിലും ഭയം കാരണം ഹേന അതിന് തയാറായില്ലെന്നും പിതാവ് പ്രേംകുമാർ പറഞ്ഞു.