iri

കൊല്ലം: പ്ലാസ്റ്റിക് മാലിന്യം കുപ്പിയിലാക്കി പ്രകൃതിദത്ത ഇഷ്ടികകൾ (ഇക്കോ കട്ട) നിർമ്മിച്ചും പഴയ സാരി വെട്ടിക്കൂട്ടി തുണിസഞ്ചികൾ ഒരുക്കിയും പരിസ്ഥിതി ദിനം വേറിട്ടതാക്കുകയാണ് കൊല്ലത്തെ നിത്യപ്രഭ നഗറും മോഹൻകുമാറും.

131 കുടുംബങ്ങൾ ചേർന്ന് തയ്യാറാക്കിയ ഇക്കോ കട്ടകൾ കോണ്ട് നഗറിലെ അങ്കണവാടിക്ക് ഇന്നലെ ഇരിപ്പിടവും ഒരുക്കി. കഴിഞ്ഞ ഒരുവർഷം കൊണ്ട് 13,660 ഇക്കോ കട്ടകളും 16 ഇരിപ്പിടങ്ങളുമാണ് നിർമ്മിച്ചത്. കോലഞ്ചേരി വൃദ്ധസദനത്തിന്റെ പാർക്കിലും കണ്ണൂർ,​ തിരുവനന്തപുരം,​ കൊല്ലം എന്നിവിടങ്ങളിലെ സ്കൂളുകളിലും ഇരിപ്പിടങ്ങൾ ഒരുക്കിയത് ഇക്കോ കട്ടകൾ കൊണ്ടാണ്.

പ്ളാസ്റ്റിക് മാലിന്യങ്ങൾ ഉറവിടങ്ങളിൽ തന്നെ ഉപയോഗിക്കാവുന്ന പ്രവർത്തനത്തിൽ പങ്കുചേരുന്നത് നഗറിലെ 40 കുട്ടികളുടെ കൂട്ടായ്മയാണ്. വീടുകളിൽ നിന്ന് വലിച്ചെറിയുന്ന പ്ളാസ്റ്റിക് ശേഖരിച്ച് കഴുകി ഉണക്കി കുപ്പികളിൽ നിറയ്ക്കും. 300- 350 ഗ്രാം വരെ പ്ളാസ്റ്റിക്ക് ഒരു കുപ്പിയിൽ നിറയ്ക്കാൻ കഴിയും. കുപ്പി പൊട്ടാതിരിക്കാൻ ചെറിയ ഹോളുകളുമിടും. പിന്നീട് സിമന്റ് മിശ്രിതം കൂടി ഉപയോഗിച്ചാണ് നിർമ്മാണം നടത്തുന്നത്. ഒരു സാരിയും 60 രൂപയും നൽകിയാൽ ആറ് ഡബിൾ ലെയർ സഞ്ചികളാണ് തുന്നിനൽകുക. ഹരിത കേരള മിഷനാണ് നേതൃത്വം നൽകുന്നത്.

ആശയം പ്രിട്ടോറിയയിൽ നിന്ന്

ദക്ഷിണാഫ്രിക്കയിലെ പ്രിട്ടോറിയയിൽ ഇക്കോ കട്ടകൾകൊണ്ട് സ്കൂൾ കെട്ടിടം നിർമ്മിച്ച വാർത്തയാണ് പ്രചോദനമായത്. 16,000 കുപ്പികളും 65 ടൺ മാലിന്യങ്ങളും കൊണ്ട് 500 ചതുരശ്രമീറ്റർ സ്കൂൾ കെട്ടിടമാണ് നിർമ്മിച്ചത്.

നിത്യപ്രഭയിലെ കുടുംബങ്ങൾ - 131

നിർമ്മിച്ച ഇക്കോ കട്ടകൾ - 13,600.

ഇരിപ്പിടങ്ങൾ - 16

കുപ്പിയിലാക്കിയ പ്ളാസ്റ്റിക് - 4200 ടൺ

തയ്യാറാക്കിയ തുണി സഞ്ചികൾ. 1,60,000

തയ്യൽക്കാർ - 22

ഒരു കിലോ പ്ളാസ്റ്റിക് കത്തിച്ചാൽ മൂന്ന് കിലോ കാർബൺഡയോക്സൈഡ് ഉത്പാദിപ്പിക്കപ്പെടും. ഇതുവരെയുള്ള പ്രവർത്തിൽ 13,600 ടൺ കാർബൺഡയോക്സൈഡ് വായുവിൽ കലരുന്നത് ഒഴിവായി.

മോഹൻകുമാർ

സെക്രട്ടറി, നിത്യപ്രഭ