sudhakaran

പുനലൂർ: പുനലൂരിലെ പ്രമുഖ ഗവ. കോൺട്രാക്ടറും പൗരപ്രമുഖനും ശ്രീനാരായണ ഭക്തനുമായിരുന്ന സി. സുധാകരന്റെ ദുരൂഹ മരണത്തിന് ഇന്ന് എട്ട് വയസ് പൂർത്തിയായിട്ടും അന്വേഷണം എങ്ങുമെത്തിയില്ല.

2014 ജൂൺ 2ന് രാത്രി 9 ഓടെയാണ് വീടിന് സമീപം ശരീരമാകെ മുറിവുകളുമായി അബോധാവസ്ഥയിൽ പുനലൂർ ഭരണിക്കാവ് സ്വപ്ന ഭവനിൽ സി. സുധാകരനെ കണ്ടെത്തിയത്. ഉടൻ ആശുപത്രിൽ എത്തിച്ചെങ്കിലും ബോധം തിരികെ ലഭിക്കാതിരുന്നതിനാൽ സംഭവങ്ങളെപ്പറ്റി യാതൊരു സൂചനയും ലഭിച്ചില്ല. ജൂൺ 5ന് മരിച്ചു.

പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പിന്നിൽ നിന്ന് തലയ്ക്കും കഴുത്തിലും ഏറ്റ ശക്തമായ അടിയാണ് മരണകാരണമെന്ന് രേഖപ്പെടുത്തിയിരുന്നു. ശരീരത്തിൽ മർദ്ദനത്തിന്റെ പാടുകളുമുണ്ടായിരുന്നു. മദ്യപിച്ച് നടന്നുപോകുന്നതിനിടെ അജ്ഞാത വാഹനമിടിച്ച് മരിച്ചെന്നായിരുന്നു ആദ്യം അന്വേഷണം നടത്തിയ പുനലൂർ പൊലീസ് പറയുന്നത്.

സംഭവം നടക്കുന്നതിന് മൂന്ന് ദിവസം മുമ്പ് വരെ സുധാകരൻ മദ്യപിച്ചിട്ടില്ലെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോട്ടിലുള്ളത്. വസ്തു സംബന്ധമായി ബന്ധുക്കളുമായി തർക്കം നിലനിൽക്കെയാണ് സുധാകരൻ ദുരൂഹ സാഹചര്യത്തിൽ മരിക്കുന്നത്. കേസിൽ അന്വേഷണം ആവശ്യപ്പെടുന്ന നിലപാട് തിരുത്തണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ സുധാകരന്റെ വീട്ടിലേക്ക് അജ്ഞാത ഫോൺ കോളുകളും വന്നിരുന്നു.

എന്നാൽ കേസ് അന്വേഷണം ഊർജ്ജിതപ്പെടുത്തണമെന്ന് കുടുംബാംഗങ്ങളും സുഹൃത്തുക്കളും ആവശ്യപ്പെട്ടതിനെ തുടർന്ന് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അന്വേഷണ ചുമതല ക്രൈം ബ്രാഞ്ചിന് കൈമാറി. ഒന്നര വർഷത്തിലധികം ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഇതേത്തുടർന്ന് കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഭാര്യ സരള ഹൈക്കോടതിയെ സമീപിച്ചു.

ഇതിനിടെ മുൻ റൂറൽ പൊലീസ് മേധാവികളായ ഹരിശങ്കർ, സബിതാബീഗം തുടങ്ങിയവരുടെ കാലയളവിൽ ലോക്കൽ പൊലീസ് വീണ്ടും അന്വേഷണം ആരംഭിച്ചെങ്കിലും കൊവിഡിനെ തുടർന്ന് നിലച്ചു. ഇപ്പോൾ പുനലൂർ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലാണ് അന്വേഷണം. കേസ് സംബന്ധിച്ച് ഡിവൈ.എസ്.പി വിവരങ്ങൾ ശേഖരിച്ചതായും സരള പറഞ്ഞു.

ഇതിനിടെ പുനലൂർ പൊലീസ് ഭരണിക്കാവിലെ വീട്ടിലെത്തി ചില പേപ്പറുകൾ മടക്കിവച്ച് ഒപ്പിടണമെന്ന് ആവശ്യപ്പെട്ടെങ്കിലും സരള തയ്യാറായില്ല. സമീപവാസികളെയും പൊലീസ് ചോദ്യം ചെയ്തു. പൊലീസ് മടങ്ങിയതോടെ ചില സമീപവാസികൾ വീടിന് മുന്നിലെത്തി അസഭ്യം വിളിച്ചതായും സരള പറഞ്ഞു. എട്ടുവർഷം പിന്നിട്ടിട്ടും പ്രതികളെ പിടികൂടാൻ പൊലീസിന് കഴിയാത്തതിൽ ഏറെ ദുഃഖത്തിലാണ് കുടുംബാംഗങ്ങൾ.