photo-
കുന്നത്തൂർ പ്രൈമറി ഹെൽത്ത് സെന്ററിന് സമീപം ഐവർകാല പുത്തനമ്പലം ജംഗ്ഷനിലെ വെള്ളക്കെട്ട്

ശാസ്താംകോട്ട: കുന്നത്തൂർ ഐവർകാല പുത്തനമ്പലം നിവാസികൾക്ക് നെടിയവിളയ്ക്കും കടമ്പനാട്ടേക്കും പോകാനുള്ള ഏക മാർഗ്ഗമാണ്

നെടിയവിള - വേമ്പനാട്ടഴികത്ത് റോഡ്. എന്നാൽ, കുണ്ടും കുഴിയും നിറഞ്ഞ് കാൽനടപോലും അസാദ്ധ്യമായി ഈ നാട്ടുപാത കിടക്കാൻ തുടങ്ങിയിട്ട് കാലങ്ങളായി. റോഡിന്റെ ദുരവസ്ഥകാരണം പല ബസുകളും സർവീസ് നിറുത്തിവച്ചിരിക്കുകയാണ്. ഇതോടെ യത്രാക്ലേശം രൂക്ഷമായി. നാട്ടുകാരുടെ പരാതിയെത്തുടർന്ന് അർദ്ധരാത്രിയിൽ അവിടെയും ഇവിടെയും ചില അറ്റകുറ്റപ്പണികൾ നടത്തിയെങ്കിലും ദുരിതത്തിന് മാറ്റമൊന്നും ഉണ്ടായില്ല.

പരിഹാരമില്ലെങ്കിൽ

പ്രക്ഷോഭം

കുന്നത്തൂർ പഞ്ചായത്തിലെ പ്രൈമറി ഹെൽത്ത് സെന്ററിലേക്കുള്ള ഏക വഴിയാണിത്. ഹെൽത്ത് സെന്ററിന്റെ മുൻഭാഗമായ പുത്തനമ്പലം ജംഗ്ഷനിൽ വലിയ കുഴികൾ രൂപപ്പെട്ട് വെള്ളക്കെട്ടായി മാറിക്കഴിഞ്ഞു. ഇതിനൊരു പരിഹാരം ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് കുന്നത്തൂർ മണ്ഡലം കമ്മിറ്റി മന്ത്രിക്കും ജനപ്രതിനിധികൾക്കും അധികൃതർക്കും പരാതിനൽകാൻ ഒരുങ്ങുകയാണ്. എന്നിട്ടും പരിഹാരമായില്ലെങ്കിൽ പ്രക്ഷോഭവുമായി മുന്നോട്ടു പോകാനാണ് തീരുമാനം. യോഗത്തിൽ മണ്ഡലം പ്രസിഡന്റ് ടി.എ.സുരേഷ്കുമാർ അദ്ധ്യക്ഷത വഹിച്ചു. കെ.സുകുമാരൻനായർ, കുന്നത്തൂർ പ്രസാദ്, കാരയ്ക്കാട്ട് അനിൽ, വട്ടവിള ജയൻ, ഷീജാരാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.