കടയ്ക്കൽ : സ്കൂളുകളും കോളേജുകളും തുറന്ന സാഹചര്യത്തിൽ സ്കൂൾ ബസുകൾക്കെതിരെയും സ്വകാര്യ ബസുകൾക്കെതിരെയുമുള്ള പരാതികൾക്ക് നടപടി കടുപ്പിച്ച് മോട്ടോർ വാഹനവകുപ്പ് .
കഴിഞ്ഞ ദിവസം സ്കൂൾ ബസ് ഓടിച്ചുവന്ന ഡ്രൈവറുടെ ലൈസെൻസ് 10 വർഷം തികയാത്തത് ശ്രദ്ധയിൽപ്പെട്ട ഉദ്യോഗസ്ഥർ നടപടിക്ക് ശുപാർശ ചെയ്തു. സ്കൂൾ കുട്ടികളെ സ്വകാര്യ ബസിൽ കയറ്റാതിരിക്കുക, കൺസെഷൻ നിഷേധിക്കുക , വെയിലത്ത് നിറുത്തുക തുടങ്ങിയ കുറ്റകൃത്യങ്ങൾ മുൻകാലങ്ങളിൽ ശ്രദ്ധയിൽപ്പെട്ടിട്ടുള്ളതിനാൽ
മോട്ടോർവാഹനവകുപ്പിന്റെ ചടയമംഗലം ഓഫീസിൽ നിന്നുള്ളപരിശോധന ശക്തമാക്കി.
ബസുകൾ കസ്റ്റഡിയിലെടുത്തു
മടത്തറ, കടയ്ക്കൽ തുടങ്ങിയ മലയോരപ്രദേശങ്ങളിൽ നിന്ന് കുളത്തുപ്പുഴയ്ക്കും കല്ലറയ്ക്കും ഉള്ള സ്വകാര്യ ബസുകൾ രാത്രിയിൽ ട്രിപ്പ് മുടക്കുന്നതുമായി ബന്ധപ്പെട്ട നിരവധി പരാതികൾ കൊല്ലം ആർ.ടി. ഒ മഹേഷിന് ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം രാത്രിയിൽ നടത്തിയ വാഹന പരിശോധനയിൽ ട്രിപ്പുകൾ മുടക്കിയ നാലോളം ബസുകൾ കസ്റ്റഡിയിലെടുത്തു . ഈ ഭാഗങ്ങളിൽ സ്വകാര്യ ജീപ്പുകളുടെയും ടാക്സി ജീപ്പുകളുടെയും സമാന്തര സർവീസിനെതിരെ സ്വകാര്യ ബസുടമകളുടെ പരാതി ലഭിച്ചതിനാൽ അതിനെതിരെയും നടപടി ഉണ്ടാകും. 28 വാഹനങ്ങൾ പരിശോധിച്ചതിൽ 12 വാഹനങ്ങൾക്കെതിരെ നടപടിസ്വീകരിച്ചു.
വാഹന പരിശോധനയിൽ ചടയമംഗലം മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ഡി. എസ്.ബിജു, അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരായ ജി.അനിൽകുമാർ, ആർ.രമേശ് എന്നിവർ പങ്കെടുത്തു.
സ്കൂൾതുറപ്പുമായി ബന്ധപ്പെട്ട് വാഹന പരിശോധന ശക്തമാക്കി. ഡ്രൈവിംഗ് ലൈസെൻസ് റദ്ദാക്കുന്നതുൾപ്പെടെയുള്ള ശിക്ഷാ നടപടി സ്വീകരിക്കും. ജോയിന്റ് ആർ.ടി. ഓ സുനിൽചന്ദ്രൻ