പടിഞ്ഞാറേകല്ലട : ശാസ്താംകോട്ടകായൽ തീരത്തെ അമ്പലക്കടവിനോട് ചേർന്നുള്ള മലയോര കാടുകൾ സാമൂഹ്യവിരുദ്ധരുടെ താവളമാകുന്നു.
സ്കൂൾ, കോളേജ് വിദ്യാർഥികൾ എന്ന വ്യാജ്യേന രാവിലെ മുതൽ ആണും പെണ്ണും ഇവിടെ എത്തുന്നുണ്ട്. ഹെൽമറ്റും മാസ്‌ക്കും ധരിച്ച് ആർക്കും തിരിച്ചറിയാൻ കഴിയാത്ത വിധം ബൈക്കുകളിലാണ് ഇവരുടെ വരവ്. നാട്ടുകാരെയോ പൊലീസിനെയോ ഭയമില്ലാത്ത അവർ മണിക്കൂറുകൾ കാട്ടിനുള്ളിൽ ചെലവഴിച്ചശേഷമാണ് മടങ്ങാറ്.
ഇവരിൽ പലരും മദ്യത്തിനും മയക്കുമരുന്നിനും അടിമകളാണെന്നും ലഹരി കൈമാറ്റം നിർബാധം നടക്കുന്നതായും നാട്ടുകാർ സംശയിക്കുന്നു. അവർ നടത്തിയ പരിശോധനയിൽ മദ്യക്കുപ്പികളും ലഹരി അവശിഷ്ടങ്ങളും സിറിഞ്ചുംകണ്ടെത്തിയിരുന്നു.
നാട്ടുകാർക്ക് ചോദ്യം ചെയ്യാനും കഴിയാത്ത അവസ്ഥയാണ്. പെൺകുട്ടികളെ പ്രലോഭിപ്പിച്ച് ബൈക്കുകളിലും കാറിലും എത്തിച്ച് മണിക്കൂറുകൾക്ക് ശേഷം മടങ്ങിപ്പോകുന്നതും സ്ഥിരം കാഴ്ചയാണെന്ന് പരിസരവാസികൾ പറയുന്നു.
ശാസ്താംകോട്ട കോടതി, പൊലീസ് സ്റ്റേഷൻ, സിവിൽ സ്റ്റേഷൻ എന്നിങ്ങനെ നിരവധി സർക്കാർ സ്ഥാപനങ്ങളോട് ചേർന്ന് കാടുപിടിച്ചുകിടന്ന ഇവിടം,
ശാസ്താംകോട്ട ശ്രീധർമ്മശാസ്താക്ഷേത്രഭൂമിയോട് ചേർന്നാണ് സ്ഥിതിചെയ്യുന്നത്.
.................................................................................................................
ശാസ്താംകോട്ട തടാകതീരത്തെ വനപ്രദേശം സാമൂഹ്യവിരുദ്ധർ താവളമാക്കിയ കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇവിടം കേന്ദ്രീകരിച്ച് ഇന്നു മുതൽ പട്രോളിംഗ് ഏർപ്പെടുത്തിയിട്ടുണ്ട്. സന്നദ്ധ സംഘടനകളുമായും ശാസ്താംകോട്ട ഗ്രാമപഞ്ചായത്തുമായും സഹകരിച്ച് ഇവിടെ സി.സി ടി.വി കാമറകൾ സ്ഥാപിക്കാനുള്ള ശ്രമം നടത്തും.
പി .രാജ്കുമാർ,
ഡിവൈ.എസ്.പി, ശാസ്താംകോട്ട.